കീവ്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ സ്കൂളിൽ റഷ്യൻ സേന നടത്തിയ ബോംബ് ആക്രമണത്തിൽ 60 പേർ മരിച്ചതായി സംശയമെന്ന് പ്രാദേശിക ഗവർണർ. ബിലോഹോറിവ്കയിലെ സ്കൂളിൽ ശനി ഉച്ചകഴിഞ്ഞാണ് റഷ്യൻ സേന ബോംബ് ഇട്ടത്. ഇവിടെ 90ൽ അധികം പേർക്ക് താമസം ഒരുക്കിയിരുന്നു.
ബോംബ് ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന് തീപിടിച്ചു. നാലു മണിക്കൂറിനുശേഷമാണ് തീ അണയ്ക്കാനായത്. രണ്ടു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുക്കാനായത്. പരുക്കേറ്റ 30 പേരെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഒരു അറിവുമില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണ് കരുതുന്നതെന്ന് ഗവർണർ സെർഹി ഗൈഡെയ് അറിയിച്ചു.