കയവ്: റഷ്യൻ അധിനിവേശം തകർത്ത യുക്രെയിനിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോഴും പുറത്തുവരുന്നത്. സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് തങ്ങളുടെ ആക്രമണമെന്ന് റഷ്യ അവകാശപ്പെടുമ്പോഴും സാധാരണ പൗരൻമാർ ആക്രമണത്തനിരയായതിന്റെ വിവിധ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
ബുച്ച നഗരത്തിൽ റോഡരികിൽ മൃതദേഹങ്ങൾ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്സ് പ്രതിനിധിയാണ് പകർത്തിയത്. സാധാരണ പൗരൻമാരാണ് മരിച്ചവരെന്ന് വേഷത്തിൽ നിന്ന് വ്യക്തമാണ്.ഒരു മൃതദേഹം കൈകൾ പിറകിലേക്ക് ബന്ധിച്ച നിലയിലാണ്. തലക്ക് വെടിയേറ്റിട്ടുമുണ്ട്. വളരെ അടുത്തു നിന്ന് വെടിവെച്ചതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്.
ബുച്ച നഗരത്തിൽ റഷ്യൻ സൈന്യം പ്രവേശിച്ചപ്പോൾ സാധാരണ പൗരൻമാരോട് കൈയിൽ വെളുത്ത ബാൻഡ് ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇങ്ങിനെ കെട്ടിയ ബാൻഡുപയോഗിച്ചാണ് കൈകൾ കെട്ടിയിട്ടിരിക്കുന്നതെന്ന് സംശയമുണ്ട്.റഷ്യൻ സൈന്യം നഗരത്തിൽ അക്രമം അഴിച്ചുവിട്ട് മടങ്ങിയ ശേഷം മുന്നൂറോളം മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഡെപ്യൂട്ടി മേയർ ഷപ്രാസ്കി പറഞ്ഞതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു. ഇതിൽ 50 പേരെയെങ്കിലും റഷ്യൻ സൈന്യം പിടികൂടി വെടിവെച്ച് കൊന്നതാണെന്നും ഷപ്രാസ്കി പറഞ്ഞു.