മോസ്കോ∙ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സന്ദർശിച്ചു. പിടിച്ചെടുത്തതിന്റെ ഒൻപതാം വാർഷികം ആഘോഷിക്കാൻ ക്രൈമിയയിലെത്തിയ പുട്ടിൻ അപ്രതീക്ഷിതമായി മരിയുപോൾ സന്ദർശിക്കുകയായിരുന്നു. ഹെലിക്കോപ്റ്ററിലെത്തിയ റഷ്യൻ പ്രസിഡന്റ് മരിയുപോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറിൽ സന്ദർശിച്ചു. പ്രദേശവാസികളുമായി ആശയവിനിയമം നടത്തുകയും ചെയ്തു.
സ്വയം കാറോടിച്ച് മരിയുപോളിന്റെ തെരുവുകളിലൂടെ പുട്ടിൻ സഞ്ചരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. റഷ്യൻ ഉപപ്രധാനമന്ത്രി മാറാത് ഖുസ്നുള്ളിനെയും വിഡിയോയിൽ കാണാം. നഗരത്തെ എങ്ങനെയാണ് പുതുക്കിപ്പണിയാൻ പോകുന്നതെന്ന് ഇദ്ദേഹം പുട്ടിന് വിശദീകരിച്ചുനൽകുന്നുമുണ്ട്. ശനിയാഴ്ചയായിരുന്നു സന്ദർശനമെന്ന് റഷ്യ അറിയിച്ചു.
പിടിച്ചെടുത്ത മേഖലകളിലേക്കുള്ള പുട്ടിന്റെ ആദ്യ സന്ദർശനമാണിതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ പത്തുമാസമായി മരിയുപോൾ റഷ്യയുടെ കൈവശമാണ്. മരിയുപോളിന് കിഴക്കുള്ള റഷ്യൻ നഗരമായ റോസ്തോവ് ഓൺ ഡോണിൽ ഉയർന്ന സൈനിക കമാൻഡർമാരുമായി പുട്ടിൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അതേസമയം, തകർക്കപ്പെട്ട നഗരത്തിന്റെ അവസ്ഥ കാണാതിരിക്കാനാണ് പുട്ടിൻ രാത്രി സന്ദർശനം നടത്തിയതെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥർ പറയുന്നു. രാജ്യാന്തര ക്രിമിനൽ കോടതി യുക്രെയ്നിലെ യുദ്ധക്കുറ്റത്തിന്റെ പേരിൽ പുട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മരിയുപോൾ സന്ദർശനം.