കീവ്: റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് കീവിൽ സാമൂഹ്യപ്രവർത്തകയ്ക്ക് ദാരുണാന്ത്യം. വലേരിയ മക്സെറ്റ്സ്‌ക (31) ആണ് മരിച്ചത്. അസുഖബാധിതയായ അമ്മയ്ക്ക് മരുന്നു വാങ്ങുന്നതിനായി യുക്രെയ്‌ന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കു കാറിൽ സഞ്ചരിക്കുമ്പോൾ റഷ്യൻ ടാങ്കിൽനിന്ന് ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന ഇവരുടെ അമ്മ ഇറിനയും ഡ്രൈവറും കൊല്ലപ്പെട്ടു. ‘സ്വതന്ത്ര റിപ്പബ്ലിക്കായി’ റഷ്യ പ്രഖ്യാപിച്ച യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്കിൽ ജനിച്ചു വളർന്ന വലേരിയ അടുത്തിടെയാണ് കീവിലേക്കു താമസം മാറ്റിയത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റ് (യുഎസ്എഐഡി) എന്ന രാജ്യാന്തര ഏജൻസിയുമായി കൈകോർത്ത് യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കിടയിൽ പ്രവർത്തിച്ചു വരികയായിരുന്നു വലേരിയ മക്സെറ്റ്സ്‌ക. കീവിൽ പോരാട്ടം രൂക്ഷമായിട്ടും രാജ്യം വിടാൻ വലേരിയ തയാറായിരുന്നില്ല. ധീരയായ യുവതിയെന്നായിരുന്നു യുഎസ്എഐഡി അഡ്മിനിസ്‌ട്രേറ്റർ സാമന്ത പവർ വലേരിയയെ വിശേഷിപ്പിച്ചത്.
റഷ്യൻ അധിനിവേശം തുടങ്ങിയപ്പോൾ തന്നെ അവർക്കു രാജ്യം വിടാമായിരുന്നു. എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിനായി അവർ പോരാട്ടം തുടരുന്ന കീവിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു. വലേറിയുടെ മരണത്തിൽ അതിയായി വേദനിക്കുന്നുവെന്നും അവരെ കുറിച്ച് അഭിമാനിക്കുന്നുവെന്നും സാമന്ത പവർ ട്വീറ്റ് ചെയ്തു.