കൊച്ചി : കലൂരിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണു പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും. എംഎല്‍എയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും മകനൊപ്പം സ്റ്റാഫ് അംഗങ്ങളോടും സോഷ്യല്‍മീഡിയ ടീമിനോടും കോണ്‍ഫറന്‍സ് കോളില്‍ സംസാരിച്ചെന്നും സോഷ്യല്‍മീഡിയ അഡ്മിന്‍ അറിയിച്ചു. എംഎല്‍എ ബെഡില്‍ നിന്നും എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നത് ആശ്വാസകരമാണ്. ഉമാ തോമസ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിൻ്റെ നല്ല സൂചനയാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഏകദേശം അഞ്ച് മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തുദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് പ്രകടിപ്പിച്ചത്. പിന്നീട് കോര്‍ഡിനേറ്റിംഗ് എവരിതിംഗ് എന്ന് പറഞ്ഞു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അഡ്മിന്‍ അറിയിച്ചു.