കൊച്ചി : തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വ്യാജ വീഡിയോ പ്രചാരണത്തിൽ ജോ ജോസഫിന്റെ ഭാര്യോടൊപ്പമാണെന്നും ഉമ തോമസ് പറഞ്ഞു. തനിക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. പിടിയുടെ മരണത്തെ മുഖ്യമന്ത്രി ആഘോഷമായി കണ്ടു. പി ടിയുടെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി പരാമർശിച്ച സാഹചര്യം പോലും ഉണ്ടായിയെന്നും ഉമ തോമസ് വിമർശിച്ചു.
ഇടത് സ്ഥാനാർത്ഥി ജോ ജോസഫും വിജയ പ്രതീക്ഷയാണ് ഉയർത്തുന്നത്. ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ല. വിവാദത്തിലല്ല വികസനത്തിൽ മാത്രം ഊന്നിയാണ് താൻ പ്രചാരണം പൂർത്തിയാക്കുന്നതെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ഇടതു സ്ഥാനാർഥിക്ക് എതിരെയുള്ള വീഡിയോ പ്രചാരണത്തിൽ അപലപിക്കാൻ പോലും യുഡിഎഫ് നേതാക്കൾ തയാറായില്ലെന്ന് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. വീഡിയോ പ്രചരിപ്പിച്ചത് നിസ്സാരവത്കരിച്ച പ്രതിപക്ഷ നേതാവ് നൽകുന്നത് മോശം സന്ദേശമാണ്. ജനങ്ങൾ യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം മനസ്സിലാക്കും. യുഡിഎഫ് അനുകൂലികൾക്ക് പോലും അംഗീകരിക്കാനാവാത്ത പ്രചരണമാണ് യുഡിഎഫ് നടത്തിയത്. യുഡിഎഫ് അനുകൂലികൾ പോലും ഇടതിനോടൊപ്പം നിൽക്കും. ഇടതുപക്ഷം ഒരിക്കൽ പോലും വ്യക്തിഹത്യയിലേക്ക് കടന്നിട്ടില്ലെന്നും വികസനം മാത്രമാണ് ചർച്ച ചെയ്യ്തതെന്നും പി രാജീവ് പറഞ്ഞു.