തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും എം എം മണിയെയും വിമർശിച്ച് ഉമ തോമസ് എംഎല്‍എ. ടി പി വധം സിപിഎം ക്വട്ടേഷനെന്ന് ഉമ തോമസ് നിയമസഭയില്‍ ആരോപിച്ചു. സിപിഎം സെക്രട്ടറി വിധിച്ച ക്വട്ടേഷൻ ആയിരുന്നു ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം എന്നാണ് ഉമ തോമസിന്‍റെ പരാമര്‍ശം. എന്‍റെ ഭർത്താവിന്‍റെ വിയോഗത്തിന് ശേഷവും ഈ മഹാനുഭാവൻ പുറത്ത് പറഞ്ഞത് ജനത്തിന് അറിയാമെന്നും മടിയിൽ കനം ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഉമ തോമസ് പറഞ്ഞു. ഉമ തോമസിന്‍റെ പരാമര്‍ശത്തില്‍ എതിര്‍പ്പ് ഉന്നയിച്ച ഭരണപക്ഷം, ഇത് രേഖയില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. പിണറായിക്കെതിരായ ഉമാ തോമസിന്‍റെ പരാമർശം പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകി.
കെ കെ രമയെ അധിക്ഷേപിച്ച എം എം മണിയുടെ പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെട്ടു. സമ്മേളനം വെട്ടിച്ചുരുക്കുന്നത് ഒഴിവാക്കാൻ പ്രതിഷേധം കടുപ്പിക്കാതെ പ്രതിപക്ഷം. ആവശ്യം പരിഗണിക്കാമെന്ന് സ്പീക്കർ വ്യക്തമാക്കി. സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ ഭരണപക്ഷം ഗൂഢാലോചന നടത്തിയത് കൊണ്ടാണ് മണിക്കെതിരായ പ്രതിഷേധം കടുപ്പിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിശദീകരിച്ചു. അതേസമയം, വിശയത്തില്‍ എം എം മണി സഭയിൽ ഇന്ന് പ്രതികരിച്ചില്ല.
ചോദ്യോത്തരവേള ഇന്നും തടസ്സപ്പെട്ടാൽ സഭ സമ്മേളനം വെട്ടിച്ചുരുക്കാനിടയുണ്ടെന്ന സൂചനയെ തുടർന്ന് മണിക്കെതിരായ പ്രതിഷേധത്തിൽ തന്ത്രപരമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. മണി മാപ്പ് പറയണമെന്ന് പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിച്ചു. ആനി രാജക്ക് പിന്തുണ നൽകാത്ത സിപിഐ സംസ്ഥാന നേതൃത്വത്തെ നിലപാടിനെ അടക്കം വിമർശിച്ചാണ് പ്രതിപക്ഷം മണി വിവാദം ഉന്നയിച്ചത്. ശൂന്യവേളയും കടന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രശ്നം ഉന്നയിച്ചു. എന്നാല്‍, വിഷയത്തില്‍ മണിയോ ഭരണപക്ഷമോ ഒന്നും പ്രതികരിച്ചില്ല.