ദില്ലി: യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് ദുബായിൽ തുടക്കമാവും. ഇന്ന് മുതൽ ഡിസംബർ 12 വരെ നടക്കുന്ന സമ്മേളനത്തിൽ ലോകം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള ചർച്ചകൾ നടക്കും. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങി 70,000 ഓളം ആളുകൾ വരും ദിവസങ്ങളിൽ ദുബായിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും.
ഉച്ചകോടിയിൽ പങ്കെടുത്ത് നാളെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് , യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി, ഖത്തർ അമീർ തുടങ്ങി നിരവധി നേതാക്കൾ ആദ്യ ദിവസങ്ങളിൽ പങ്കെടുക്കും. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉച്ചക്കോടിയിൽ സംബന്ധിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ഇസ്രയേൽ പലസ്തീൻ യുദ്ധം തുടങ്ങിയ ശേഷം ഇരുരാജ്യത്തെയും പ്രസിഡന്റുമാർ ആദ്യമായി ഒരു രാജ്യാന്തരവേദിയിൽ ഒരുമിച്ചെത്തുന്നു എന്നുളളതും കാലാവസ്ഥ ഉച്ചകോടിയെ ശ്രദ്ധേയമാക്കും. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദുബായിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.