ബെംഗളൂരു∙ വാഹനം വിളിക്കാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം ചാക്കിൽക്കെട്ടി കൊണ്ടുപോയി ഭർത്താവ്. കർണാടകയിലെ ചാമരാജനഗർ ജില്ലയിലാണ് സംഭവം. ആക്രിക്കച്ചവടക്കാരനായ രവിയാണ് ഭാര്യ കല്ലമ്മയുടെ മൃതദേഹം ചുമന്നത്. പത്തു ദിവസം മുൻപാണ് ആക്രി വിറ്റ് ഉപജീവനമാർഗം നടത്തുന്നതിനായി മാണ്ഡ്യ സ്വദേശികളായി രവിയും കല്ലമ്മയും ചാമരാജനഗറിലെത്തിയത്. ഫോറസ്റ്റ് ഡിപാർട്മെന്റിന്റെ കെട്ടിടത്തിനു സമീപം ഒരു ടെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. അസുഖബാധിതയായ കല്ലമ്മ ചൊവ്വാഴ്ച മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവരുടെ മൃതദേഹം മാറ്റുന്നതിനായി വാഹനം വിളിക്കാൻ പണമില്ലാത്തതിനാൽ രവി മൃതദേഹം ചാക്കിൽക്കെട്ടി തോളിൽ ചുമന്നു കൊണ്ടു പോകുകയായിരുന്നു.
സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ചാക്കുമായി പോകുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി അത് തുറന്നു കാണിക്കാൻ ആവശ്യപ്പെട്ടു. ചാക്കിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ട പൊലീസ് ആദ്യം ഞെട്ടി. പിന്നീട് അസ്വാഭാവിക മരണമായതിനാൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. മരണത്തിൽ ദുരൂഹതയില്ലാത്തതിനാൽ പൊലീസിന്റെ സഹായത്തോടെ രവി മൃതദേഹം സംസ്കരിച്ചു. സുവർണാവതി നദിക്കരയിൽ സംസ്കരിക്കുന്നതിനായാണ് രവി മൃതദേഹം ചുമന്നുകൊണ്ടു പോയതെന്ന് പൊലീസ് അറിയിച്ചു. രവി മൃതദേഹവും ചുമന്നു പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസ് രവിക്ക് ഭക്ഷണത്തിനും മറ്റുമായി പണം നൽകുകയും ചെയ്തു.