കാസര്‍കോട് : പുറംകരാര്‍ തൊഴിലാളികളായ 426 പേരെ ബെവ്കോ ലാസ്റ്റ് ഗ്രേഡ് പോസ്റ്റിന് സമാനമായി സ്ഥിരപ്പെടുത്തിയപ്പോള്‍ കാസര്‍കോഡ് വെയര്‍ ഹൗസില്‍ നടന്നത് സിപിഎം സ്ഥിരപ്പെടുത്തല്‍. കാസര്‍കോട് സ്ഥിരപ്പെടുത്തിയ 20 പേർ പനയാല്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ സജീവ സിപിഎം പ്രവര്‍ത്തകരാണ്. 2014 ലാണ് ബെവ്കോ കാസര്‍കോട് വെയര്‍ഹൗസ് തുടങ്ങിയത്. 2016 ഒക്ടോബറില്‍ കാസര്‍കോട് ബങ്ങാടുള്ള ധനലക്ഷ്മി കുടുംബശ്രീ ലേബല്‍ ഒട്ടിക്കാന്‍ പുതിയ കരാര്‍ ഏറ്റെടുത്തു. ലേബല്‍ ഒട്ടിച്ച് തുടങ്ങി ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്ക് 2018 ജൂണ്‍ മാസം 20 പേരെയും സ്ഥിരപ്പെടുത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ടിനും സ്ഥിര നിയമനം കിട്ടി. ലേബല്‍ ഒട്ടിച്ച് തുടങ്ങി വെറും ഒന്നരവര്‍ഷം കൊണ്ട് ലേബലിംഗ് സ്റ്റാഫായി ബെവ്കോയില്‍ സ്ഥിര നിയമനം നേടിയ കാസര്‍കോട് വെയര്‍ ഹൗസില്‍ ജോലി ചെയ്യുന്ന 20 പേരില്‍ 15 പേരും സിപിഎം അംഗങ്ങളോ സജീവ പ്രവര്‍ത്തകരോ ആണ്.
അതായത് സിപിഎം ഉദുമ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വരുന്ന പനയാല്‍ ലോക്കല്‍ കമ്മിറ്റിയിലുള്‍പ്പെടുന്ന ബട്ടത്തൂര്‍, ബങ്ങാട്, പനയാല്‍, പെരുന്തട്ട, ഈലടുക്കം ബ്രാഞ്ചുകളില്‍ നിന്നുള്ളവരാണ് 20 പേരില്‍ മിക്കവരും. സ്ഥിര നിയമനം നേടിയവെരില്‍ പലരും ഇപ്പോഴും വിവിധ രാഷ്ട്രീയ സംഘടനകളില്‍ സജീവമാണ്. വിരമിച്ച ഒരാളൊഴികെ 19 പേരും ബെവ്കോയിലെ സിഐടിയുവിന്‍റെ സജീവ പ്രവര്‍ത്തകരാണ്. സ്ഥിര നിയമനം കിട്ടിയ ഷീബ പനയാല്‍ ഈയിടെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലും പങ്കെടുത്തു.
രണ്ട് വര്‍ഷം പൂര്‍ത്തിയായവരെ മാത്രമാണ് സ്ഥിരപ്പെടുത്തിയതെന്ന ബെവ്കോ വാദവും പൊളിയുകയാണ്. സ്ഥിരപ്പെടുത്തൽ തീയ്യതിയായ 07.06.2018 വരെ രണ്ട് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത് വരെയാണ് സ്ഥിരപ്പെടുത്തിയെന്നതാണ് വിവരാവകാശ പ്രകാരം ബെവ്കോ നൽകിയ മറുപടി. അതായത് നാലര കൊല്ലത്തിലധികം ജോലി ചെയ്തവരെ തഴഞ്ഞാണ് കാസര്‍കോട്ടെ സ്ഥിരപ്പെടുത്തൽ എന്ന് വ്യക്തം. തഴയപ്പെട്ടവര്‍ സ്ഥിരനിയമനത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ബെവ്കോ വാദിച്ചു. ഹര്‍ജി കോടതി തള്ളി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന നിയമനമായതിനാൽ തന്നെ കാസര്‍കോഡ് വെയര്‍ ഹൗസില്‍ നടന്ന നിയമനങ്ങളെ കുറിച്ച് അറിയില്ലെന്നും പരിശോധിച്ച് മാത്രമേ മറുപടി പറയാനാകൂ എന്നാണ് കാസര്‍കോട് വെയര്‍ഹൗസ് മാനേജരുടെ പ്രതികരണം. 20 മാസം ലേബല്‍ ഒട്ടിച്ചവര്‍ സ്ഥിര ജീവനക്കാരായി. നാലരക്കൊല്ലം ഒട്ടിച്ചവെര്‍ പുറത്തും. രണ്ട് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് സ്ഥിര നിയമനം നല്‍കിയതെന്ന ബെവ്കോ വാദവും കളവാണെന്ന് തെളിയുകയാണ്.