ജമ്മു : കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ അനധികൃത ഉച്ചഭാഷിണികൾക്ക് പൂട്ടിടാൻ ഒരുങ്ങി ജമ്മുവും. അനധികൃത ഉച്ചഭാഷിണികൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ പ്രമേയം ജമ്മു കോർപ്പറേൻ പാസാക്കി. ബിജെപി കൗൺസിലർ നരോത്തം ശർമ്മയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം അനധികൃത ഉച്ചഭാഷിണികളുടെ ഉപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. ഇത് അംഗീകരിച്ച ജമ്മു മുനിസിപ്പൽ കോർപ്പറേഷൻ മേയർ ചന്ദെർ മോഹൻ ഗുപ്ത പ്രമേയം ഉടൻ ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് പ്രമേയം ചർച്ച ചെയ്യാനായി കൗൺസിൽ ചേർന്നത്. ജമ്മു കോർപ്പറേഷനിലെ മൂന്നാം വാർഡ് കൗൺസിലർ ആണ് നരോത്തം ശർമ്മ. ബുദ്ഗാം ജില്ലയിൽ ദിവസങ്ങൾക്ക് മുൻപ് ഭീകരാക്രമണത്തിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചഭാഷിണികൾക്ക് നിരോധനം വേണമെന്ന് ആവശ്യപ്പെട്ട് നരോത്തം ശർമ്മ പ്രമേയം അവതരിപ്പിച്ചത്.