ഇടുക്കി : പീരുമേടിന് സമീപം കൊടുവാക്കരണത്ത് ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് ജെ പി ജസ്റ്റിൻ എന്നയാൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊടുവാക്കരണം രണ്ടാം ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജെറിൻ രാജാണ് (25) അറസ്റ്റിലായത്. ജെറിന്റെ അമ്മാവനാണ് കൊല്ലപ്പെട്ട ജെ പി ജസ്റ്റിൻ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊടുവക്കാരണത്തെ ചെറിയ മൈതാനത്ത് ജെറിനും സംഘവും ക്രിക്കറ്റ് കളിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ അമ്മാവൻ ജെസ്റ്റിനും ജെറിനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. തുർന്ന് വീട്ടിലേക്ക് പോയ ജസ്റ്റിൽ കത്തിയുമായി തിരികെയെത്തി. വീണ്ടും സംഘർഷമുണ്ടായപ്പോൾ ജസ്റ്റിൻ നിലത്ത് വീണു. ഈ സമയം ജെറിൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ജസ്റ്റിൻറെ തലക്കടിച്ചു. അടിയേറ്റു വീണ ജസ്റ്റിനെ മറ്റുള്ളവർ ചേർന്ന് ജസ്റ്റിൻ താമസിച്ചിരുന്ന ലയത്തിൽ എത്തിച്ചു.
പിറ്റേന്ന് ഉച്ചയോടെ ലയത്തിൻറെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് ജസ്റ്റിൻറെ സഹോദരി ഉള്ളിൽ കയറി നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. മെഡിക്കൽ കോളജിൽ അടിയന്തിര ശസ്ത്രക്രിയയും നടത്തി. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ജസ്റ്റിൻ മരിച്ചത്. പോസ്റ്റ് മോർട്ടത്തിൽ തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടർന്ന് പീരുമേട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ ജെറിനെ കൊടുവാക്കരണത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.