അമേരിക്കൻ എഴുത്തുകാരനായിരുന്ന വാഷിംഗ്ടൺ ഇർവിങ്ങ് എഴുതിയ ചെറുകഥയാണ് ‘റിപ് വാൻ വിങ്കിൾ’. ഇതിൽ പറയുന്നത് 20 വർഷം ഒന്നും അറിയാതെ ഉറങ്ങിപ്പോവുന്ന ഒരാളെ കുറിച്ചാണ്. പിന്നീട് അയാൾ മിഴി തുറക്കുന്നത് ആകെ മാറ്റം വന്ന പുതിയ ഒരു ലോകത്തേക്കാണ്. എന്നാൽ, ഇത് തികച്ചും സാങ്കൽപ്പികമായ ഒരു കഥയാണ്. പക്ഷേ, ഒന്നും അറിയാതെ ഉറങ്ങിപ്പോവുന്ന ചില മനുഷ്യർ കസാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിലും ഉണ്ട്.
കസാക്കിസ്ഥാനിലെ കലാച്ചി, ക്രാസ്‌നോഗോർസ്ക് ഗ്രാമങ്ങളിലെ ആളുകളിലാണ് തികച്ചും വിചിത്രമായ ഈ ഉറക്കം കാണാനാവുന്നത്. ദിവസവും ചെയ്തു കൊണ്ടിരിക്കുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്ത് കൊണ്ടിരിക്കവെ ആയിരിക്കും പെട്ടെന്ന് അവർ ഉറങ്ങിപ്പോവുന്നത്. അതിൽ തന്നെ ദിവസങ്ങളോളം ഉണരാതിരിക്കുന്ന ആളുകളും ഉണ്ട്. അത് മാത്രമല്ല, ഉറങ്ങി എണീറ്റ് കഴിയുമ്പോൾ അവർ പല കാര്യങ്ങളും കുറച്ച് നേരത്തേക്ക് മറന്നുപോകുന്നു. അതുപോലെ, ക്ഷീണം, തലവേദന തുടങ്ങിയവ അനുഭവപ്പെടുന്നതായും പലരും പരാതി പറയാറുണ്ട്.
രണ്ട് ഗ്രാമങ്ങളിലും കൂടി ജനസംഖ്യ 810 ആണ്. 2013 -ലാണ് ആദ്യമായി ഇവരിൽ ഈ വിചിത്രമായ ഉറക്കം കണ്ടുവരുന്നത്. ജോലി ചെയ്ത് കൊണ്ടിരിക്കെ 140 പേരാണ് ഉറങ്ങിപ്പോയത്. അതുപോലെ ചിലർ തുടർച്ചയായി ഒരാഴ്ച വരെയൊക്കെ ഉറങ്ങിയവരുണ്ട്. ചില കുട്ടികൾ സ്കൂളിൽ ഉറങ്ങിപ്പോയി. ചെറുപ്പക്കാരിലും പ്രായമാവരിലും ഇത് പ്രത്യക്ഷപ്പെട്ടു. അതുപോലെ ഇങ്ങനെ ഉറങ്ങുന്നവർ തങ്ങൾ ദുസ്വപ്നങ്ങൾ കാണുന്നു എന്നും പറയാറുണ്ടായിരുന്നു.
അടുത്തിടെയാണ് എന്താണ് ഈ വിചിത്രമായ ഉറക്കത്തിന് കാരണം എന്നതിന് യുക്തിസഹമായ ഒരു വിശദീകരണം കണ്ടെത്തുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട സമീപത്തെ യുറേനിയം ഖനികളാണ് ഇതിന് കാരണം എന്നതായിരുന്നു ആ വിശദീകരണം.