തിരുവനന്തപുരം : സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പോലീസ് ഇന്ന് കേസെടുത്തേക്കും. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന് നിർദേശം നൽകിയിരുന്നു. കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസടുക്കേണ്ടി വരുന്നതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടക്കാൻ കാരണം. എന്നാൽ മുൻ മന്ത്രിക്കെതിരെ ഏതെക്കെ വകുപ്പുകളാണ് ചുമത്തേണ്ടത് എന്ന കാര്യത്തിൽ കീഴ് വായ്പൂർ പൊലീസിന് ആശയ കുഴപ്പം തുടരുകയാണ്. നിയപോദശത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരു. കഴിഞ്ഞ ദിവസം പൊലീസ് മല്ലപ്പള്ളിയിലെ സജി ചെറിയാന്റെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചിരുന്നു
മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എൽ എ ആയി തുടരാൻ ആകുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നു. ഏതൊരു പൗരനും പാലിക്കാൻ ബാധ്യത ഉള്ള ഭരണ ഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളത്തതും തിരിച്ചടി ആകുമെന്നാണ് അഭിപ്രായം. എന്നാൽ മന്ത്രിയുടെയും എം എൽ എ യുടെയും സത്യ പ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവർണ്ണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎൽഎയെ അയോഗ്യനാകാൻ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‍നം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ തുടർ നടപടിയും സജിയുടെ കാര്യത്തിൽ നിർണ്ണായകമാണ്.
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. പകരം മന്ത്രി തത്കാലം വേണ്ടെന്നാണ് നിലവിലെ ചർച്ചകൾ. മന്ത്രി രാജി വെച്ചതോടെ സജി ചെറിയാന്റെ വകുപ്പുകൾ നിലവിൽ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. പക്ഷെ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് ഇനി അധിക ചുമതല ആയി വകുപ്പുകൾ നല്കാനാണ് സാധ്യത. ഒന്നാം പിണറായി സർക്കാരിൽ നിന്നും രാജി വെച്ച ഇ പി ജയരാജൻ പിന്നീട് മടങ്ങി വന്ന പോലെ കേസുകൾ തീരുന്ന മുറക്ക് സജിയെയും മടക്കി കൊണ്ട് വരാൻ ആലോചന ഉണ്ട്.
മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണ ഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം. സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണം എന്നാണ് കോൺഗ്രസ്സും ബിജെപിയും ആവശ്യപ്പെടുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എന്നാൽ, മന്ത്രിയുടെ രാജിയോടെ വിവാദം തീർന്നു എന്നാണ് സി പി എം നിലപാട്.