തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ വിമര്‍ശിച്ച് എസ് ഡി പി ഐ. നിരോധനം ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും ബിജെപി സർക്കാരിന്‍റെ തെറ്റായ നടപടികളെ എതിർക്കുന്നവർക്കെതിരെ അറസ്റ്റും റെയ്ഡും നടക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു. ഭരണഘടന നൽകുന്ന അഭിപ്രായ, സംഘടന സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ അന്വേഷണ ഏജൻസികളെയും നിയമത്തെയും ദുരുപയോഗിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ് ഡി പി ഐയെ നിരോധിച്ചിട്ടില്ല.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് എസ്ഡിപിഐ രംഗത്തെത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.