തിരുവനന്തപുരം: മിനിമം വേതനത്തിലും തൊഴിൽ സൗഹൃദത്തിലും ഒന്നാംസ്‌ഥാനത്തുള്ള കേരളം തൊഴിലില്ലായ്‌മ നിരക്കിലും മുന്നിൽ. നഗരപ്രദേശങ്ങളിൽ 15-29 വയസ്സ് വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്‌മ നിരക്കിലാണ് കേരളം ഒന്നാമതുള്ളത്.31.8 ശതമാനമാണ് കേരളത്തിലെ നിരക്ക്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പി.എൽ.എഫ്.എസ്) പുറത്തുവിട്ട ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പട്ടികയിലാണ് ഞെട്ടിക്കുന്ന കണക്ക്. യുവതികളിലാണ് കേരളത്തില്‍ തൊഴിലില്ലായ്മ കൂടുതൽ. സംസ്ഥാനത്ത് 15നും 29നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍രഹിതരാണ്. ഈ പ്രായവിഭാഗത്തില്‍പെട്ട യുവാക്കളില്‍ 24.3 ശതമാനം പേർക്ക് തൊഴിലില്ല. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വേയില്‍
ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് ഡല്‍ഹിയിലാണ്. 3.1 ശതമാനം. സ്ഥിതി വിവരക്കണക്ക്-പദ്ധതി നിര്‍വഹണ വകുപ്പ് (മിനിസ്റ്ററി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ -എം.ഒ.എസ്.പി.ഐ) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജമ്മു-കശ്‌മീർ (28.2 ശതമാനം), തെലങ്കാന (26.1), രാജസ്‌ഥാൻ (24), ഒഡിഷ (23.3) എന്നിവയാണ് കേരളത്തിന് പിന്നാലെ തൊഴിലില്ലായ്‌മയിൽ മുന്നിലുള്ള സംസ്‌ഥാനങ്ങൾ. ആകെ തൊഴിലില്ലായ്‌മ നിരക്ക് 17 ശതമാനത്തിൽ നിൽക്കുമ്പോഴാണ് കേരളം 31.8 ശതമാനത്തിലെത്തിയത്.