ദില്ലി : ത്രിപുരയിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി മണിക് സാഹ. നിയമസഭാ തെരഞ്ഞെടുപ്പിൽ ടൗൺ ബോർദോവാലിയിലെ പതിനാറാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബിജെപി മുഖ്യമന്ത്രി. സംസ്ഥാനത്ത് സിപിഎം- കോൺഗ്രസ് പാർട്ടികളുടേത് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് മണിക് സാഹ ആവർത്തിച്ചു. സമാധാനപരമായ വോട്ടടുപ്പാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെട്ടവർ സമാധാനം പാലിക്കണമെന്നും മണിക് സാഹ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും മണിക്ക് സാഹ പ്രകടിപ്പിച്ചു.
ത്രിപുരയിലെ ജനങ്ങളോട് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്തു. യുവാക്കളോട് വോട്ടവകാശം വിനിയോഗിക്കാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അറുപത് നിയമസഭാ സീറ്റുകളിലേക്കാണ് ത്രിപുരയിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലും രാവിലെ നീണ്ട ക്യൂ രൂപപ്പെട്ടിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 400 കമ്പനി സിഎപിഎഫ് ജവാൻമാരെയും 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസിനെയും, 6000 പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് വിന്യസിച്ചിട്ടുണ്ട്.