തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ഓഡിറ്റ് വിഭാഗങ്ങളും ഒരു കുടക്കീഴിലാക്കി ഏകീകൃത സംവിധാനം നടപ്പാക്കാനുള്ള ധനവകുപ്പിന്റെ നീക്കം തർക്കത്തിൽ. ഡയറക്ടർ ജനറൽ ഓഫ് സ്റ്റേറ്റ് ഓഡിറ്റ് തസ്തിക സൃഷ്ടിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെയോ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിലെ നിശ്ചിത റാങ്കിലുള്ള ഉദ്യോഗസ്ഥനെയോ നിയമിക്കാനും നീക്കമുണ്ട്.
സംസ്ഥാന ഓഡിറ്റ് വകുപ്പ്, സഹകരണ ഓഡിറ്റ്, പെർഫോമൻസ് ഓഡിറ്റ്, മറ്റു സർക്കാർ ഓഡിറ്റ് ഏജൻസികൾ എന്നിവയെ സംയോജിപ്പിച്ച് ഏകീകൃത ഓഡിറ്റ് സംവിധാനത്തിന് കീഴിലാക്കാൻ ഏപ്രിൽ 22നു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിതല യോഗമാണു തീരുമാനിച്ചത്. ഇനി ഓഫിസുകളിൽ പോയി ഓഡിറ്റ് നടത്താതെ ഓൺലൈനിൽ (റിമോട്ട് ഓഡിറ്റ്) ഇ ഓഫിസ് ഫയലുകൾ പരിശോധിച്ചാൽ മതിയെന്നും തീരുമാനിച്ചു. യാത്ര, താമസം എന്നിവയ്ക്കായുള്ള സമയവും പണവും ലാഭിക്കാമെന്നും നിലവിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ജിഎസ്ടി ഓഡിറ്റ് നടത്തുന്നത് ഇപ്രകാരമാണെന്ന വാദവും ഉന്നയിച്ചിരുന്നു.
യോഗ മിനിറ്റ്സ് ബന്ധപ്പെട്ട വകുപ്പുകളിൽ ചർച്ചയ്ക്കു വന്നതോടെയാണു തർക്കം. തദ്ദേശ സ്ഥാപനങ്ങളും സർവകലാശാലകളും ദേവസ്വം ബോർഡുകളും ക്ഷേമനിധി ബോർഡുകളും ഉൾപ്പെടെ എണ്ണായിരത്തിലധികം സ്ഥാപനങ്ങളാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റ് ചെയ്യുന്നത്. 2015 വരെ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് എന്നായിരുന്നു പേര്. കണ്ടെത്തുന്ന ക്രമക്കേടുകളിന്മേൽ നഷ്ടം ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അർധ ജുഡീഷ്യൽ അധികാരങ്ങളാണ് 1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പിനു നൽകിയിട്ടുള്ളത്.
സമാഹരിച്ച ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കാൻ നിയമസഭാ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഭരണഘടന പ്രകാരം നടക്കുന്ന തദ്ദേശ ഓഡിറ്റ്, സെക്രട്ടറിതല യോഗ തീരുമാനപ്രകാരം ഏകീകൃത ഓഡിറ്റ് സംവിധാനത്തിന്റെ ഭാഗമാക്കാനാകില്ലെന്നാണ് എതിർവാദം. സിഎജിയും തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്താറുണ്ട്. അതേസമയം, സഹകരണ ഓഡിറ്റ് ആഭ്യന്തര ഓഡിറ്റ് മാത്രമാണ്.
തദ്ദേശസ്ഥാപനങ്ങളുടെ ഓഡിറ്റ് ശക്തിപ്പെടുത്താൻ സ്വതന്ത്ര ഓഡിറ്റ് കമ്മിഷൻ രൂപീകരിക്കുമെന്ന് 2017– 18 ലെ ബജറ്റിലും ഇതിനായി സമിതിയെ നിയോഗിക്കുമെന്ന് അടുത്ത ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. ഇതിനായി സംസ്ഥാന ധനകാര്യ കമ്മിഷൻ നിയോഗിച്ച , ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയുടെ നടപടികൾ പുരോഗമിക്കുകയുമാണ്. 2001ൽ വി.ജെ.തങ്കപ്പനും പിന്നീട് വി.എസ്.അച്യുതാനന്ദനും അധ്യക്ഷന്മാരായ ഭരണപരിഷ്കാര കമ്മിഷനുകൾ സ്വതന്ത്ര ഓഡിറ്റ് കമ്മിഷൻ രൂപീകരിക്കാൻ ശുപാർശ ചെയ്തിരുന്നു.
എതിർപ്പുമായി ഓഡിറ്റ് അസോസിയേഷൻ
തിരുവനന്തപുരം : ഏകീകൃത ഓഡിറ്റ് സംവിധാനം രൂപീകരിക്കാനുള്ള നീക്കം തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് സ്വതന്ത്രവും സുതാര്യവുമാക്കാൻ ഉദ്ദേശിച്ചുള്ള സ്വതന്ത്ര ഓഡിറ്റ് കമ്മിഷൻ രൂപീകരിക്കാനുള്ള നടപടികളെ അട്ടിമറിക്കുന്നതാണെന്ന് കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന ഓഡിറ്റ് വകുപ്പ് ഇപ്പോൾ ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ്. വകുപ്പിനെ അർധ ജുഡീഷ്യൽ സ്വഭാവമുള്ള സ്വതന്ത്ര ഓഡിറ്റ് കമ്മിഷനാക്കി മാറ്റണമെന്നും ജുഡീഷ്യൽ ഓഫിസറെ അധ്യക്ഷനാക്കണമെന്നുമുള്ള നിർദേശം അസോസിയേഷൻ സർക്കാരിനും സംസ്ഥാന ധനകാര്യ കമ്മിഷൻ രൂപീകരിച്ച സമിതിക്കും സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന ഓഡിറ്റ് ഡയറക്ടറും ഓഡിറ്റ് കമ്മിഷനും ഇതേ അഭിപ്രായം നൽകിയിരുന്നു.
ഏകീകൃത ഓഡിറ്റ് സംവിധാനം രൂപീകരിക്കാൻ തീരുമാനിച്ച സെക്രട്ടറിമാരുടെ യോഗത്തിൽ വിവിധ ഓഡിറ്റ് വകുപ്പുകളുടെ മേധാവികളെ പങ്കെടുപ്പിക്കുകയോ അവരുടെ അഭിപ്രായം തേടുകയോ ചെയ്യാതിരുന്നതിൽ ദുരൂഹതയുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ കൊട്ടിയം, ജനറൽ സെക്രട്ടറി ടി.കെ.ഹരികുമാർ എന്നിവർ പറഞ്ഞു.