കണ്ണൂർ: ഏക സിവിൽ കോഡിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിലേക്കുള്ള ക്ഷണം മുസ്‍ലിം ലീഗ് നിരസിച്ചത് ഉചിതമായ തീരുമാനമാണെന്നും സ്വാഗതാർഹമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ലീഗിനെയും കോൺഗ്രസിനെയും തമ്മിൽ തെറ്റിക്കാനും അഭിപ്രായഭിന്നത ഉണ്ടാക്കാനുമാണ് സി.പി.എം ശ്രമം. അതൊരു കുറുക്കന്റെ നയമാണ്. മുസ്‍ലിം ലീഗ് ആ കെണിയിൽ വീഴാതിരുന്നതിന്റെ തെളിവാണ് സെമിനാറിൽനിന്ന് വിട്ടുനിൽക്കാനുള്ള അവരുടെ തീരുമാനം. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ. സുധാകരൻ.
കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തിൽ എല്ലാവർക്കും അറിയാം. ഏക സിവിൽ കോഡിൽ കോൺഗ്രസും ലീഗും ഒരുമിച്ച് ഒരുപോലെ പ്രതികരിക്കുന്നു എന്നാണ് അതിന്റെ പ്രത്യേകത. മുസ്‍ലിം ലീഗ് ഒരിക്കലും കോൺഗ്രസിനെ വിട്ടുപോകില്ലെന്ന വിശ്വാസമുണ്ട്. യു.ഡി.എഫ് മുന്നണി സംവിധാനത്തിന്റെ സൂത്രധാരകരിൽ ഒരു പാർട്ടിയാണ് ലീഗ്. അവരുടെ വികാരവിചാരങ്ങൾ ഉൾക്കൊണ്ട് മാത്രമേ എന്നും കോൺഗ്രസ് മുന്നോട്ടുപോകുള്ളൂ. നാളെയും അത് തുടരും.
ഇംഗ്ലണ്ടിൽ പള്ളി വിറ്റെന്ന എം.വി. ഗോവിന്ദന്റെ പരാമർശം വിവരക്കേടാണ്. വിവരക്കേട് പറയുന്നതിൽ പരിധിവേണം. വിവരക്കേട് പറഞ്ഞാൽ സഭ അധ്യക്ഷന്മാർ പ്രതികരിക്കും. ഗോവിന്ദൻ പറയുന്ന കാര്യങ്ങൾ കേരളം മുഖവിലക്കെടുക്കാറില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുസ്‍ലിം വിഭാഗത്തോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തെ ചോദ്യംചെയ്ത എ.കെ. ബാലന്റെ പരാമർശം ശുദ്ധ വിവരക്കേടാണെന്നും അദ്ദേഹം പ്രതികരിച്ചു.