ഡെറാഡൂൺ: വിവാദമായ ഏക സിവിൽ കോഡ് കരട് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു. ബി.ജെ.പി എം.എൽ.എമാരുടെ ജയ് ശ്രീറാം വിളികൾക്കിടയിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ദാമിയാണ് ബിൽ അവതരിപ്പിച്ചത്. വിവാഹം, വിവാഹമോചനം, ഭൂമിയിലും സ്വത്തിലുമുള്ള അവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയവയിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒറ്റ നിയമം നിർദേശിക്കുന്നതാണ് കരട് ബിൽ. ഗോത്രവിഭാഗക്കാരെ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതിപക്ഷമായ കോൺഗ്രസിന്‍റെ പ്രതിഷേധങ്ങൾക്കിടെയാണ് ബിൽ അവതരിപ്പിച്ചത്. തിടുക്കത്തിലാണ് നടപടിയെന്നും കരട് ബിൽ വായിക്കാൻ പോലും ബി.ജെ.പി സമയം നൽകിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു. പ്ലക്കാർഡുകളുമായി കോൺഗ്രസ് നേതാക്കൾ സഭയിൽ പ്രതിഷേധിച്ചു.
വിവാഹം കഴിക്കാതെയുള്ള ലിവ്-ഇൻ ബന്ധങ്ങൾ, ബഹുഭാര്യത്വം-ബഹുഭർതൃത്വം, ശൈശവവിവാഹം എന്നിവ നിയമപ്രകാരം കർശനമായി നിരോധിക്കും. എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയും ബില്ലിലുണ്ട്.
ചർച്ചപോലും നടക്കാതെ ഏക സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേതെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് വിമർശിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് ബിൽ പാസ്സാക്കാൻ സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും തിടുക്കം കാട്ടുന്നത്. ബില്ലിന്‍റെ പകർപ്പ് പോലും പ്രതിപക്ഷത്തിന് ലഭിച്ചിട്ടില്ല. ബിൽ പഠിക്കും മുമ്പ് ഉടനടി ചർച്ച വേണമെന്നാണ് സർക്കാർ ആവശ്യം. ഉത്തരാഖണ്ഡ് പോലെയൊരു സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പരീക്ഷണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അഭിമാനത്തിന്‍റെ നിമിഷമാണിതെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി എക്സിൽ പറഞ്ഞത്. ‘ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് തുല്യ അവകാശം നൽകുകയെന്ന ലക്ഷ്യം മുൻനിർത്തി ഏക സിവിൽ കോഡ് ബിൽ ഇന്ന് സഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ ജനങ്ങൾക്കാകെ അഭിമാനത്തിന്‍റെ നിമിഷമാണ്. ഏക സിവിൽ കോഡ് നടപ്പാക്കാനായി നടപടി കൈക്കൊള്ളുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി’ -അദ്ദേഹം പറഞ്ഞു.
ഏക സിവിൽകോഡ് കരടിന് ഞായറാഴ്ച ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. റിട്ട. സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയാണ് നാലു വോള്യങ്ങളിലായി 749 പേജുള്ള കരട് നിര്‍ദേശങ്ങൾ തയാറാക്കിയത്. ബിൽ അവതരിപ്പിക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.