ന്യൂഡൽഹി: ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവ സർക്കാറിന്റെ അജണ്ടയുടെ ഭാഗം തന്നെയാണെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ. ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പിൽ പാർട്ടി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതാണ്. അത് സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രാലയത്തിലെത്തി ചുമതല ഏറ്റെടുത്തതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാൽ, എന്ന് നടപ്പാക്കുമെന്നോ മറ്റു വിശദാംശങ്ങൾ പറയാനോ മന്ത്രി തയാറായില്ല. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ പിന്നീട് അറിയിക്കും. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച വിഷയത്തിൽ പരിഹാരം കാണും.
സുപ്രീംകോടതി, ഹൈകോടതി, കീഴ്കോടതി, നിയമ മന്ത്രാലയം തുടങ്ങിയവിടങ്ങളിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും മന്ത്രി പറഞ്ഞു. ഏക സിവിൽ കോഡ് ഏകപക്ഷീയമായി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സഖ്യകക്ഷിയായ ജെ.ഡി.യു വ്യക്തമാക്കിയിരുന്നു. ടി.ഡി.പിയും വിഷയത്തിൽ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.