തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 29ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ബിജെപി കേരള ഘടകം അറിയിച്ചു. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ലൗ ജിഹാദ് പോലെ പൊതുസമൂഹത്തിന് ഭീഷണിയായ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ബിജെപി അറിയിച്ചു. കേരളത്തിലെ മതഭീകരവാദത്തിന്റെ വ്യാപ്തിയെ കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കുമെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടികജാതി വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അമിത്ഷാ വൈകുന്നേരം നടക്കുന്ന റാലിയിലും പങ്കെടുക്കും. പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത് എന്നുള്ളതാണ് ശ്രദ്ധേയം.
ഇന്ന് സമാധാനം പുനഃസ്ഥാപിക്കാനായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിൽ നിന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾ ഇറങ്ങിപ്പോയിയിരുന്നു. യോഗം പ്രഹസനമാണെന്നും അന്വേഷണം ഏകപക്ഷീയം ആണെന്നും ആരോപിച്ചായിരുന്നു. ആര്‍എസ്എസ്-ബിജെപി നേതാക്കൾ സമാധാന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ബിജെപി ഒഴികെ മറ്റെല്ലാ കക്ഷികളും സമാധാന ശ്രമങ്ങളുമായി സഹകരിച്ചെന്നും ശക്തമായ പോലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കളക്ടറേറ്റിൽ സമാധാന യോഗം ചേർന്നത് ഉച്ച തിരിഞ്ഞ് 3.45നാണ്. യോഗം തുടങ്ങി 15 മിനിറ്റിനകം ആര്‍എസ്എസ്-ബിജെപി നേതാക്കൾ യോഗ ഹാൾ വിട്ടിറങ്ങി. യോഗം പ്രഹസനമെന്നും യോഗം നിയന്ത്രിക്കുന്നതിനെച്ചൊല്ലി എംപി വി കെ ശ്രീകണ്ഠനും മുൻ എംപി എന്‍ എന്‍ കൃഷ്ണദാസും തമ്മിൽ തർക്കം തുടരുന്നതിനാൽ യോഗത്തിൽ ഇരിക്കുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു നേതാക്കളുടെ ആദ്യ പ്രതികരണം.
തുടർന്ന് ഇറങ്ങിപ്പോക്കിലേക്ക് നയിച്ച മറ്റ് കാരണങ്ങളും ആര്‍എസ്എസ്-ബിജെപി നേതാക്കൾ വ്യക്തമാക്കി. പോലീസിന്റെ അറസ്റ്റും അന്വേഷണവും പ്രഹസനമാണ്. ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട ഘട്ടത്തിൽ സർക്കാർ സമാധാന യോഗം വിളിച്ചില്ല. സഞ്ജിതിന്റെ ഭാര്യയെ ചോദ്യം ചെയ്യാനെന്ന പേരിൽ പോലീസ് ബുദ്ധിമുട്ടിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എന്നാൽ, ഇറങ്ങിപോകാന്‍ നേരത്തെ തീരുമാനമെടുത്ത് വന്നാൽ എന്ത് ചെയ്യാനാകുമെന്നായിരുന്നു മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം.
തുടർ ചർച്ചകളിലേക്ക് ബിജെപിയെ വീണ്ടും ക്ഷണിക്കും. സഹകരിക്കുമെന്ന് എസ്ഡിപിഐ പ്രതിനിധികൾ പറഞ്ഞു. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസമെന്നും എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കി. അതേസമയം, പാലക്കാട് ഇരട്ടക്കൊലകളിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേർ പിടിയിലായി. പാലക്കാട് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ഉച്ചയോടെയാണ് പിടികൂടിയത്. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധ കേസിലെ ആറ് പ്രതികളെയും തിരിച്ചരിഞ്ഞതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.