കൊച്ചി : കളമശേരി സ്ഫോടനത്തില്‍ കേന്ദ്രാന്വേഷണത്തിന് നേരിട്ട് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയില്‍ നിന്ന് അമിത്ഷാ വിവരങ്ങള്‍ തേടി. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജാഗ്രത കടുപ്പിച്ചു. പ്രാര്‍ത്ഥനായോഗത്തിനിടെ നടന്ന സ്ഫോടനത്തെ ഗൗരവത്തോടെ പരിഗണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാരും. ദില്ലിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സംഭവത്തിന് പിന്നാലെ വിളിച്ച് അമിത്ഷാ വിവരങ്ങള്‍ ആരാഞ്ഞു. സംസ്ഥാന പോലീസിന്‍റെ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ മുഖ്യമന്ത്രി കൈമാറി. എന്‍ഐഎയോടും എന്‍എസ്ജിയോടും സ്ഥലത്തെത്തി പരിശോധന നടത്താന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ദില്ലിയില്‍ നിന്നുള്ള എന്‍ഐഎയുടെ 5 അംഗ സംഘവും എന്‍എസ്ജിയുടെ 8 അംഗ സംഘവും കൊച്ചിയിലേക്ക്. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിന് പിന്നാലെ ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചു. ദീപാവലി ആഘോഷം നടക്കാനിരിക്കേ ആരാധന കേന്ദ്രങ്ങള്‍ക്കടക്കം സുരക്ഷ കൂട്ടാനാണ് നിര്‍ദ്ദേശം.