ദില്ലി: തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.അതേസമയം ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു.
അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത് അതിരൂക്ഷ വിമര്‍ശനം. പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയില്‍. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ്. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തി.
ന്യൂനപക്ഷങ്ങളും, ദളിതകളും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നുവെന്നും, ജുഡീഷ്യറിയും മാധ്യമങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും രാഹുല്‍ ആരോപിച്ചു. രാഹുലിന്‍റെ വാക്കുകള്‍ക്ക് ഇന്ത്യയില്‍ പോലും വിലയില്ലെന്ന് തിരിച്ചടിച്ച് സര്‍ക്കാര്‍ പ്രതിരോധമുയര്‍ത്തി. പെഗാസെസ് അന്വേഷണത്തോട് രാഹുല്‍ സഹകരിക്കാത്തതെന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ചോദിച്ചു. ജി 20 ഉച്ചകോടിയിലേക്ക് രാജ്യം നീങ്ങുമ്പോഴാണ് കേന്ദ്രസര്‍ക്കാരിനെതിരായ രാഹുലിന്‍റെ ആക്രമണം. പ്രഭാഷണം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നത്, ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് എന്ന ടാഗ്ലൈനോടെ ഉച്ചകോടിയൊരുക്കുന്ന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയേക്കും.