പാലക്കാട് : മുൻ മന്ത്രി സജി ചെറിയാനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ. ഭരണഘടനയെ അപമാനിച്ച സജി ചെറിയാൻ്റെ അതേ മനോനിലയാണ് ഈ സർക്കാരിനെന്നും ഭഗവന്ത് കുബ്ബ വിമർശിച്ചു. സജി ചെറിയാൻ്റെ മാത്രം ചിന്താഗതിയല്ല അത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചത് ഈ സർക്കാറിന്റെ ചിന്താഗതിയുടെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യത്തിൽ ആരെയും വിമർശിക്കാം. പക്ഷേ പി ടി ഉഷയെ ഒക്കെ വിമർശിക്കുന്നത് അവരുടെ അറിവില്ലായ്മ കൊണ്ടെന്നേ പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിൻ്റെ പല പദ്ധതികളും സംസ്ഥാന സർക്കാറിൻ്റെ അനാസ്ഥ മൂലം താഴേക്കടിയിലേക്ക് എത്തുന്നില്ല. അർഹരായ ആളുകളിലേക്ക് പദ്ധതികൾ എത്തുന്നില്ലെന്നാണ് മന്ത്രിയുടെ ആക്ഷേപം. കേരള സർക്കാർ പല ആരോപണങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് വിമർശിച്ച ഭഗവന്ത് കുബ്ബ, പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ കേരള സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു. എസ്ഡിപിഐയുടെ ഉൾപ്പെടെ കൊലക്കത്തിക്ക് സാധാരണക്കാർ ഇരയാകുമ്പോഴും അവർക്ക് നീതി വാങ്ങിക്കൊടുക്കാൻ സർക്കാറിനാകുന്നില്ല. സംഘപരിവാർ പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ സർക്കാറിന് മൗനമാണ്. ഇത് നല്ല ഗവൺമെന്റിന് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.. രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും കൂടിയാലോചിച്ചാണ് എംപി ഓഫീസ് ആക്രമണത്തിൽ നിലപാടെടുത്തത്. അതുകൊണ്ടാണ് ഓഫീസ് ആക്രമിച്ചവർക്കെതിരെ രാഹുൽ ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.