ദില്ലി: രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (നിരോധന) നിയമം -1967 ത്തിന്റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭീകര സംഘടനകളുടെ എണ്ണം 42 ആണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യ സഭയെ അറിയിച്ചു. യു എ പി എയ്ക്ക് കീഴിൽ നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിക്കപ്പെട്ടവയുടെ എണ്ണം 13-ഉം ആണെന്നും അദ്ദേഹം രാജ്യ സഭയിൽ രേഖാമൂലം അറിയിച്ച മറുപടിയിൽ വ്യക്തമാക്കി.
നിയമത്തിന്റെ നാലാം പട്ടിക പ്രകാരം ഇതുവരെ 31 വ്യക്തികളെയാണ് ഭീകരവാദികളായി കണക്കാക്കിയിട്ടുള്ളതെന്നും നിത്യാനന്ദ് റായി കൂട്ടിച്ചേർത്തു.ഇത്തരം സംഘടനകൾ/വ്യക്തികൾ എന്നിവരുടെ എല്ലാ പ്രവർത്തനങ്ങളും കേന്ദ്ര-സംസ്ഥാന തലങ്ങളിലെ നിയമപാലന ഏജൻസികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ സന്ദർഭങ്ങളിൽ നിയമമനുസരിച്ചുള്ള നടപടികളും ഇവർക്കെതിരെ കൈക്കൊള്ളുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.
വ്യക്തികളെ ഭീകരവാദികളായി കണക്കാക്കാനുള്ള വ്യവസ്ഥ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (നിരോധന) ഭേദഗതി നിയമം-2019 വഴിയാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഇതിലൂടെ നിരോധിക്കപ്പെട്ട സംഘടനകളുടെ നേതാക്കൾ/അംഗങ്ങൾ എന്നിവർ മറ്റു പേരുകളിൽ സംഘം ചേരുന്ന സാധ്യതകൾ കുറയ്ക്കാൻ കഴിഞ്ഞെന്നും നിത്യാനന്ദ് റായി അവകാശപ്പെട്ടു.