കൊച്ചി : കൊച്ചി നഗരത്തിലെ മാലിന്യ നിർമാർജനത്തെ വിമർശിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കൊച്ചി നഗരത്തിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിയായ പീയൂഷ് ഗോയൽ പറഞ്ഞു. കൊച്ചി നഗരത്തിലെ മാലിന്യം യഥാസമയം നീക്കുന്നതിൽ തദ്ദേശഭരണകൂടത്തിൻ്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും പിയൂഷ് ഗോയൽ വിമർശിച്ചു. ശുചിത്വ സൂചികയിൽ ഏഴ് കൊല്ലം കൊണ്ട് കേരളം അഞ്ചാം സ്ഥാനത്ത് നിന്ന് 324 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ എറണാകുളം മറൈൻഡ്രൈവിലെ വാക്ക് വേയിൽ മന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരണം നടന്നു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ ഒരു ലക്ഷം കോടിരൂപയുടെ സമുദ്രോൽപന്ന കയറ്റുമതി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം പീയുഷ് ഗോയൽ കൊച്ചിയിൽ പറഞ്ഞിരുന്നു. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ മൽസ്യത്തൊഴിലാളി നേതാക്കളുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിയുടെ പ്രതികരണം. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റാൻ നീക്കം നടക്കുന്നതായുള്ള ആരോപണങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു. യു എ ഇ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് രൂപം നൽകിയിട്ടുണ്ടെന്നും യുകെയുമായും കാനഡയുമായും കരാറിനായുള്ള ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോണിൽ അമൃത് ടവർ എന്ന കെട്ടിടവും മാലിന്യ നിർമ്മാർജ്ജനത്തിന് Zero Liquid Discharge System Plant ഉം മന്ത്രി ഉദ്ഘാടനം ചെയ്തു