ഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര് എതിരാളികളില്ലാതെ രാജ്യസഭയിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും എതിരില്ലാതെ രാജ്യസഭാംഗമാകും. ബിജെപിയുടെ 5 പേരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ 6 പേരുമാണ് എംപിമാരാവുക. ഒഴിവ് വന്ന സീറ്റുകളില്‍ ജൂലൈ 24നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിര് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ബംഗാളിലെ ഒരു സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു.
ഇത് രണ്ടാം തവണയാണ് എസ്. ജയശങ്കര്‍ രാജ്യസഭാംഗമാകുന്നത്. ഗുജറാത്തില്‍ നിന്നുള്ള ബാബുഭായി ദേശായി, കേസരിദേവ് സിങ്ങ് ഝാല, പശ്ചിമ ബംഗാളില്‍നിന്നും ആനന്ദ് മഹാരാജ്, ഗോവയില്‍നിന്നുള്ള സദാനന്ദ സേഠ് എന്നിവരാണ് ബിജെപിയുടെ ജയം ഉറപ്പിച്ച സ്ഥാനാര്‍ഥികള്‍. ഡെറിക് ഒബ്രിയാന് പുറമെ സുഖേന്ദു ശേഖര്‍ റോയ്, ദോള സെന്‍, സാകേത് ഗോഖലെ, സമീറുള്‍ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, രാജ്യസഭയില്‍ ഒരു സീറ്റുകൂടി നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ അംഗബലം 30ആയി കുറഞ്ഞു. ജൂലൈ 24 മുതല്‍ രാജ്യസഭയില്‍ ഏഴ് സീറ്റുകള്‍ കൂടി ഒഴിവ് വരും. ജമ്മു കശ്മീരിന്റെ നാലു സീറ്റും ഉത്തര്‍പ്രദേശിന്റെ ഒരു സീറ്റും രാഷ്ട്രപതി ശുപാര്‍ശ ചെയ്യുന്ന രണ്ട് സീറ്റുകളിലുമാണ് ഒഴിവ്.