രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസ് നേതാവ് നടത്തുന്ന യാത്ര ‘കപട’മെന്ന് വിമർശനം. അനീതിക്ക് പേരുകേട്ടവർ നീതിക്കായി നടിക്കുകയാണെന്നും സ്മൃതി ഇറാനി. അമേഠിയിൽ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ യാത്ര’. ജനുവരി 14ന് മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മുംബൈയിൽ അവസാനിക്കും. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 67 ദിവസത്തെ ഈ യാത്ര 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകും. 6,200 കിലോമീറ്ററാണ് യാത്രയുടെ ദൈർഘ്യം.
മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ജനങ്ങൾക്ക് പരമാവധി പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഭാരത് ന്യായ് യാത്രയുടെ യാത്രാ മാർഗം ബസുകളായിരിക്കും.