തിരുവനന്തപുരം : ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കൺസോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തിൽ ഒരുകോടി രൂപ താൻ സംഭാവന നൽകുമെന്നും ബാക്കി സമൂഹത്തിൽ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടൻ ആശമാരുടെ സമരപ്പന്തലിൽ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുൾപ്പെടെ ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു. മരണത്തെ മുഖാമുഖം നേരിട്ടാണ് ആശമാർ കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചത്. അവർക്കുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യണം. ആശമാരുടെ മാസവരുമാനത്തിനോടൊപ്പം നല്ലൊരു വിഹിതം കൺസോർഷ്യത്തിലൂടെ നൽകാൻ കഴിയും. ആദ്യഘട്ടത്തിൽ ഒരുകോടി രൂപ നൽകാൻ താൻ തയ്യാറാണ്. ബാക്കി സമൂഹത്തിൽനിന്നും സ്വരൂപിക്കാം. 25 കോടിയുടെ കൺസോർഷ്യം രൂപീകരിക്കാനാകും. നല്ല മനസുള്ളവർ ചേർന്നാൽ ഇതിനാകും കേന്ദ്രമന്ത്രി പറഞ്ഞു.