തിരുവനന്തപുരം : ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ധന വില വർധനയ്ക്ക് കാരണം യുക്രൈൻ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെണ്ണ വില വർധനയുടെ കാരണം പരിശോധിച്ച് പ്രതികരിക്കാമെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിൽ റഷ്യ – യുക്രൈൻ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇന്ധനവില വര്‍ധനയക്കുപിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നു. കോര്‍പ്പറേറ്റ് നികുതി എഴുതിത്തള്ളുന്ന കേന്ദ്രം സാധാരണക്കാര്‍ക്ക് സബ്‌സിഡി നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാണ് നിലവില്‍. തിരുവനന്തപുരത്ത് പെട്രോള്‍വില 115 കടന്നു.