തിരുവനന്തപുരം : സ്വകാര്യ ബസ് സമരം തുടരുന്നതിനിടെ 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കുകൂടി വരുന്നതോടെ സംസ്ഥാനം സ്തംഭിക്കും. പരീക്ഷകൾ നടക്കുന്നതിനിടെയുള്ള ബസ് സമരം വിദ്യാർഥികളെ വലച്ചിട്ടും ബസുടമകളുമായി ചർച്ച നടത്താൻ ഗതാഗതമന്ത്രി ആന്റണി രാജു തയാറായില്ല. ചാർജ് വർധന എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഓട്ടോ-ടാക്സി നിരക്കു വർധനയും പരിഗണനയിലാണ്. ഒരു പാക്കേജ് ആയി മാത്രമേ നിരക്കുവർധന പ്രഖ്യാപിക്കൂ എന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഗതാഗതമന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് ബസുടമകളുടെ സംഘടനകൾ പറയുന്നു. ചർച്ചയ്ക്കു മന്ത്രി തയാറാകുന്നില്ല. നവംബർ 9ന് സമരം പ്രഖ്യാപിച്ചിരുന്നു. 10 ദിവസത്തിനകം പരിഹാരം ഉണ്ടാക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഡീസൽവില 3 ദിവസത്തിനകം 2.30 രൂപ വർധിച്ചു. കെഎസ്ആർടിസിക്ക് ഒരു ദിവസം ഒരു കോടിരൂപയാണ് നഷ്ടം. പണിമുടക്കിനു നോട്ടിസ് നൽകിയാൽ ചർച്ച നടത്താൻ ക്ഷണിക്കുക എന്നതാണ് സാമാന്യ മര്യാദ. മന്ത്രിയുടേത് ശാഠ്യമാണ്.
നികുതി ഒഴിവാക്കിയതായി മന്ത്രി പറയുന്നത് കോവിഡ് കാലത്താണ്. അന്ന് സർക്കാർ പറഞ്ഞിട്ടാണ് സ്വകാര്യ ബസുകൾ സർവീസ് നിർത്തിയത്. ഇപ്പോൾ സർക്കാർ ഹരിത നികുതി വർധിപ്പിച്ചു. ഫിറ്റ്നസ് ചാർജ് ഇരട്ടിയാക്കി. ഗതികേടു കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. 7500 ഓളം ബസുകളിൽ 70 എണ്ണം ഒഴികെ ബാക്കിയുള്ളവ സർവീസ് നിർത്തിയതായും അവർ വ്യക്തമാക്കി. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
മാര്‍ച്ച് 28ന് രാവിലെ 6 മുതല്‍ 30ന് രാവിലെ 6 വരെയാണ് ദേശീയ പണിമുടക്ക്. 48 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ല. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന‌് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടക്കും. തൊഴിലാളി വിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.