വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ നിന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് പിന്മാറി. ചൊവ്വാഴ്ച്ച ന്യൂ ഹാംപ്‌ഷെയർ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം. ട്രംപിനെ പിന്തുണക്കുമെന്ന് റോൺ ഡി സാന്റിസ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്നും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. വൈസ് പ്രസിഡന്റ് മത്സര സ്ഥാനത്തേക്ക് ട്രംപ് വിവേകിനെയും പരിഗണിച്ചേക്കും. പാലക്കാട് നിന്നുളള കുടിയേറ്റക്കാരുടെ മകനാണ് ശതകോടീശ്വരനായ വിവേക് രാമസ്വാമി.
പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ്.