തിരുവനന്തപുരം: ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി.വി സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധം എന്ന് പിസി വിഷ്ണു നാഥ് ആരോപിച്ചു.ചാൻസ്ലറുടെ അധികാരം പരിമിതപെടുത്താൻ ആണ് നീക്കമെന്നും ഭേദഗതി ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ബിൽ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധം അല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.കമ്മിറ്റിയിൽ അംഗങ്ങൾ എത്ര വേണം ആരൊക്കെ ആകണം എന്ന് ചട്ടത്തിൽ പറയുന്നില്ല.കമ്മിറ്റിയിൽ കൂടുതൽ വിദഗ്ദരെ ഉൾപെടുത്താൻ ആണ് മാറ്റം.ഭരണ ഘടനാ വിരുദ്ധം അല്ല.ചാൻസ്ലറുടെ അധികാരം കുറക്കില്ലെന്നും ആര്‍. ബിന്ദു പറഞ്ഞു.സർവ്വകലാശാല നിയമത്തിൽ ഭേദഗതിക്ക് സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ട് . 2018 ലെ യുജിസി റെഗുലേഷന് വിരുദ്ധം അല്ല ബില്ലെന്നും മന്ത്രി പറഞ്ഞു.ബിൽ അവതരണത്തിന് നിയമ പ്രശ്‍നം ഇല്ലെന്നു സ്പീക്കർ റൂളിംഗ് നല്‍കി.പ്രതിപക്ഷത്തിന്റ തടസ്സ വാദങ്ങൾ സ്പീക്കര്‍ തള്ളി.
നിയമഭേദഗതിയനുസരിച്ച് വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ട് വരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്.
പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പാം പാസ്സാക്കാം. പക്ഷെ ബില്ലിൽ ഗവർണ്ണർ ഒപ്പിടില്ലെന്നുറപ്പ്. സർവ്വകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വിസിയെ ഗവർണ്ണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെ. വലിയ പോരിലേക്ക് തന്നെയാണ് കാര്യങ്ങൾ പോകുന്നത്