തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളുടെ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌ക്കരിക്കുന്നതിന് രൂപീകരിച്ച സർവകലാശാല നിയമപരിഷ്‌കരണ കമ്മീഷൻ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദ്ദേശങ്ങളിൽ ആവശ്യമായ ചർച്ചകൾ നടത്തി എത്രയും വേഗം തുടർനടപടി സ്വീകരിക്കുമെന്ന് ചേംബറിൽ റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
സംസ്ഥാനത്തെ 10 സർവകലാശാലകൾക്ക് പുതിയ ആക്ട്, സ്വാശ്രയ കോളേജുകൾക്കായിട്ടുള്ള പുതിയ ആക്ട്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആക്റ്റിനുള്ള ഭേദഗതികൾ, അധ്യാപകർക്കുള്ള പുതിയ കോൺടാക്ട് റൂൾസ്, കേരള സർവ്വകലാശാല സ്റ്റാട്യുട്ടിനുള്ള ഭേദഗതികൾ എന്നിവ അടങ്ങിയതാണ് കമ്മീഷൻ റിപ്പോർട്ട്. പ്രൊ.എൻ.കെ.ജയകുമാർ (മുൻ വൈസ് ചാൻസലർ, NUALS) ചെയർമാനായ കമ്മീഷനിൽ പ്രൊ.ഗോപിനാഥ് രവീന്ദ്രൻ (വൈസ് ചാൻസലർ, കണ്ണൂർ സർവകലാശാല), ഡോ. ജോയ് ജോബ് കുളവേലിൽ (എക്‌സിക്യൂട്ടീവ് ബോഡി അംഗം, ഉന്നതവിദ്യാഭ്യാസ കൗൺസിൽ), ഡോ. കെ.കെ. ദാമോദരൻ (പ്രിൻസിപ്പൽ, ഗവ. കോളേജ്, മലപ്പുറം), അഡ്വ. പി.സി.ശശിധരൻ (ഹൈക്കോടതി, എറണാകുളം) എന്നിവരാണ് അംഗങ്ങൾ.