കൊച്ചി: സാങ്കേതിക സർവകലാശാല വിസി ആയി ഡോ സിസ തോമസിനെ നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും എന്നാൽ സിസ തോമസിനെ ഗവർണ്ണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സർക്കാരിന്റെ വാദം.
നിയമ വിരുദ്ധമായ ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിയമനം സ്റ്റെ ചെയ്യണം എന്ന സർക്കാർ ആവശ്യം കോടതി നിരാകരിച്ചിരുന്നു. വിസി നിയമനത്തിനായി സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ ചുമതല ഗവർണ്ണർ നൽകിയത്. ഹർജിയിൽ യുജിസിയെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമാണോ ഗവർണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യുജിസി ഇന്ന് നിലപാട് അറിയിക്കേണ്ടത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചേക്കും. രണ്ട് ദിവസം മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിന്‍സ് പാസ്സാക്കിയതെങ്കിലും ഇന്നലെ രാത്രി വരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പാസ്സാക്കാന്‍ കഴിയുമോ ചോദ്യം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ സാധ്യതയില്ല. അതിനിടെ, കലാമണ്ഡലം കല്പിത സർവകലാശാല ചാൻസ്ലർ സ്ഥാനത് നിന്നും ഗവർണ്ണറെ മാറ്റി ഇന്നലെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
സർക്കാർ ഗവർണർ പോര് കനക്കുന്നതിനിടെയാണ് കലാമണ്ഡലം സര്‍വ്വകലാശാലയിൽ നിന്ന് ഗവര്‍ണറെ വെട്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ്. യുജിസി ചട്ടപ്രകാരം കൽപ്പിത സര്‍വകലാശാലകളിലെ ചാൻസിലറെ സ്പോൺസര്‍ക്ക് തീരുമാനിക്കാം. കലാമണ്ഡലത്തിന്റെ സ്പോൺസര്‍ സര്‍ക്കാരാണ്. 2006 മുതൽ കലാമണ്ഡലം ചാൻസിലര്‍ ഗവര്‍ണറാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിയമനം എങ്കിലും കാലാവധി നീട്ടി നൽകുകയായിരുന്നു. യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം കലാമണ്ഡലത്തിലെ മാറ്റത്തിന് ഗവര്‍ണറുടെ അനുമതി പോലും വേണ്ടെന്നതാണ് സര്‍ക്കാരിന് പഴുതായത്. പുതിയ ചാൻസിലര്‍ വരും വരെ പ്രൊ ചാൻസിലര്‍ കൂടിയായ സാംസ്കാരിക മന്ത്രിക്കാകും ചാൻസിലർ ചുമതല.