തേഞ്ഞിപ്പലം: ഹൈകോടതി വിധിയെ തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ നേരിയ സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ തിങ്കളാഴ്ച പകൽ 12.30ടെയാണ് സംഘർഷാവസ്ഥയുണ്ടായത്. എം. എസ്.പിയിലെ അടക്കം 1200 ഓളം പോലീസുകാരെ സെനറ്റ് ഹൗസ് പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നേരിടാൻ ജലപീരങ്കി, ഗ്രനേഡ് തുടങ്ങിയ സംവിധാനങ്ങളും സജ്ജമാണ്. ഇതിനിടയിലാണ് പ്രശ്നമുണ്ടായത്.
വോട്ടെണ്ണൽ കേന്ദ്രമായ സർവകലാശാല സെനറ്റ് ഹൗസിനുള്ളിലേക്ക് എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കടത്തിവിടാത്തത് പ്രവർത്തകർ ചോദ്യം ചെയ്തോടെയാണ് ബഹളവും ഉന്തും തള്ളുമുണ്ടായത്. യൂനിയനിലെ ചെയർമാൻ, വൈസ് ചെയർമാൻ, ലേഡി വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ജോയന്റ് സെക്രട്ടറി, അഞ്ച് ജില്ല നിർവാഹക സമിതി അംഗങ്ങൾ എന്നീ സീറ്റുകളിലേക്ക് കനത്ത മത്സരത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ്. എസ്.എഫ്.ഐ, എം.എസ്.എസ് -കെ.എസ്.യു സഖ്യം, എ.ഐ.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകളാണ് മത്സരിക്കുന്നത്.
സർവ കലാശാലക്ക് കീഴിൽ അഞ്ച് ജില്ലകളിലായുള്ള കോളജുകളിലെ 508 യു.ഇ.സിമാരാണ് വോട്ടർമാർ. തിങ്കളാഴ്ച് വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും. വിദ്യാർഥി ക്ഷേമവിഭാഗം മേധാവി ഡോ. സി.കെ.ജിഷയാണ് വരണാധികാരി. സമാധാനപരമായി യൂനിയൻ തെരഞ്ഞെടുപ്പ് നടത്താൻ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഹൈകോടതി കർശന നിർദേശം നൽകിയതിനെ തുടർന്നാണ് പൊലീസ് കാവൽ തുടരുന്നത്.