സിഡ്നി: ന്യൂസിലാൻഡിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന് സാങ്കേതിക തകരാറ്. താഴ്ച്ചയിലേക്ക് കുത്തനെ പതിച്ച് ബോയിംഗ് ഡ്രീം ലൈനർ വിമാനം നിരവധിപ്പേർക്ക് പരിക്ക്. ഒഴിവായത് വൻ അപകടം. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത കാരണം മൂലമുണ്ടായ സ്ട്രോംഗ് ഷെയ്ക്ക് എന്ന് വിമാനക്കമ്പനി വിശദമാക്കിയ സംഭവത്തിൽ പത്തോളം യാത്രക്കാർക്കും മൂന്ന് കാബിൻ ജീവനക്കാർക്കുമാണ് പരിക്കേറ്റത്. മാർച്ച് 11 ന് സിഡ്നിയിൽ നിന്ന് പറന്നുയർന്ന ബോയിംഗ് 7879 ഡ്രീം ലൈനർ വിഭാഗത്തിലെ എൽഎ 800 വിമാനത്തിനാണ് അജ്ഞാതമായ സാങ്കേതിക തകരാർ നേരിട്ടത്.
സംഭവം നടക്കുന്ന സമയത്ത് 263 യാത്രക്കാരും 9 കാബിൻ ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാറിന് തുടർന്ന് സഞ്ചരിച്ച ഉയരത്തിൽ നിന്ന് പെട്ടന്ന് വിമാനം താഴേയ്ക്ക് വരികയായിരുന്നു. ഇതിനേ തുടർന്ന് സീലിംഗിൽ തകരാറ് നേരിടുകയും ചില യാത്രക്കാരുടെ തലയിലേക്ക് സീലിംഗ് ഇടിക്കുകയും ചെയ്തിരുന്നു. ചിലരുടെ തലമുറിഞ്ഞ് രക്തം വന്നിരുന്നു. വിമാനം വലിയ അപകടമൊന്നും കൂടാതെ തന്നെ ന്യൂസിലാൻഡിലെ ഓക്ലാന്റിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തേക്കുറിച്ച് വിവരം ശേഖരിക്കുകയാണെന്നാണ് ബോയിംഗ് കമ്പനി പ്രസ്താവനയിൽ വിശദമാക്കുന്നത്. ലാതം എയർലൈനിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനക്കമ്പനിക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബോയിംഗ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. വിമാനത്തിലെ ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ ക്രോഡീകരിക്കാനുളള നീക്കത്തിലാണ് വിമാനക്കമ്പനിയുള്ളത്.