ബെയ്ജിംഗ്: ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതിൽ രാജ്യത്ത് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും, നിരീക്ഷണം തുടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
ചൈനയിൽ അജ്ഞാത വൈറസ് പടരുന്ന സാഹചര്യം സൂക്ഷ്മായി നിരീക്ഷിക്കുന്നുവെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. വൈറസ് ബാധ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ല, ഇതുവരെ അസ്വാഭാവികമായി ഒന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ല. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്ന് നടപടികൾ വിലയിരുത്തി.
ന്യൂമോണിയ ബാധ വ്യാപകമാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ തുടങ്ങി, മനുഷ്യരിലും മൃഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. വൈറസ് മനഷ്യരിൽനിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും വൈറസ് ബാധിച്ചവർക്ക് മരണ സാധ്യതയും കുറവാണെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. ചൈനയോട് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ കണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ ഓർമ്മപ്പെടുത്തി. അതേസമയം മുൻകരുതലിന്റെ ഭാഗമായി കേരളത്തിലും വിദഗ്ധ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
സാധാരണ കുട്ടികളിൽ പടരുന്ന വൈറസുകൾക്ക് അപ്പുറം പുതുതായി ഒന്നുമില്ലെന്നാണ് ചൈന വിശദീകരിക്കുന്നത്. കൊവിഡ് ആദ്യമായി റിപോർട്ട് ചെയ്ത പ്രോമെഡ് എന്ന പകർച്ചവ്യാധി വ്യാപനം നിരീക്ഷിക്കുന്ന കൂട്ടായ്മയാണ് ചൈനയിലെ പുതിയ വൈറസ് വ്യാപനത്തെകുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്.




















