പൊതുഅവധിക്ക് നിങ്ങൾക്ക് നിങ്ങളുടെ മേലുദ്യോഗസ്ഥൻ ശമ്പളം തന്നില്ലെങ്കിൽ നിങ്ങൾക്ക് ദേഷ്യം വരും അല്ലേ? ആർക്കായാലും ദേഷ്യം വരും. എന്നാലും, എങ്ങനെയായിരിക്കും നാമതിന് പ്രതികാരം ചെയ്യുക? ഒരു റെസ്റ്റോറന്റ് ഷെഫ് ചെയ്തത് വളരെ വ്യത്യസ്തമായ പ്രതികാരമാണ്. എന്താണ് എന്നല്ലേ? അടുക്കളയിൽ പാറ്റകളെ ഇറക്കിവിട്ടു.
ഒരു യുഎസ് റെസ്റ്റോറന്റിലെ ഷെഫാണ് 20 പാറ്റകളെ അടുക്കളയിലേക്കങ്ങ് തുറന്ന് വിട്ടത്. എല്ലാത്തിന്റെയും തുടക്കം ഉടമ ഷെഫിന് പൊതു അവധി ദിവസത്തെ ശമ്പളം കൊടുക്കാത്തിടത്ത് നിന്നുമായിരുന്നു. 25 -കാരനായ ഷെഫ്, ടോം വില്യംസ്, ഒറിഗോണിലെ ലിങ്കൺ സിറ്റിയിലുള്ള റോയൽ വില്യം IV പബ്ബിലാണ് ജോലി ചെയ്തിരുന്നത്. 2022 ഒക്ടോബറിലാണ് ശമ്പളവുമായി ബന്ധപ്പെട്ടുണ്ടായ വിയോജിപ്പുകളെ തുടർന്ന് അവിടെ നിന്നും പിരിയുന്നത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇയാൾ അടുക്കളയിൽ പാറ്റകളെ തുറന്ന് വിടുന്നതായി കണ്ടത്.
മാത്രവുമല്ല, അതിന് മുമ്പ് തന്നെ താനങ്ങനെ ചെയ്യും എന്ന് ഇയാൾ ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഏതായാലും പ്രതികാര നടപടിയെ തുടർന്ന് ഇയാൾ തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ, പാറ്റകൾ കാരണം റെസ്റ്റോറന്റും നന്നായി കഷ്ടപ്പെട്ടു. 22 ലക്ഷം രൂപയിലധികം വേണ്ടി വന്നത്രെ റെസ്റ്റോറന്റിന് മൊത്തത്തിൽ അത് വൃത്തിയാക്കിയെടുക്കാൻ.
കോടതിയും ഷെഫിന്റെ നടപടിയെ വിമർശിച്ചു. അതുപോലെ ഇരയുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവനയിൽ പറയുന്നത്, റെസ്റ്റോറന്റിനും അവിടെയുള്ള ജോലിക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഇയാളുടെ പ്രവൃത്തി മൂലമുണ്ടായത് എന്നാണ്. റെസ്റ്റോറന്റിലെ ജോലിക്കാർക്ക് വീട്ടിൽ പോലും പോവാൻ സാധിച്ചില്ലത്രെ. അത്രയും കഷ്ടപ്പെട്ടാണ് റെസ്റ്റോറന്റിലെ ജീവനക്കാരെല്ലാം ചേർന്ന് പാറ്റകളെ മുഴുവനായും തുരത്തി അവിടെ പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിലാക്കിയത്.