ചേർത്തല: നഗരത്തിൽ രണ്ടിടത്തായി സ്ഥാപിച്ച എയ്റോബിക് കംപോസ്റ്റ് ബിന്നുകൾ കാടു കയറി നശിച്ചതോടെ മുൻ യുഡിഎഫ് നഗരസഭ അധികൃതരുടെ അശാസ്ത്രീയമായ രീതി മൂലം ചേർത്തല നഗരസഭയ്ക്ക് നഷ്ടം 10 ലക്ഷം രൂപ. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനാൽ ഇതിനു പ്രസക്തി ഇല്ലെന്നതാണ് അധികൃതർ കാരണമായി പറയുന്നത്. ചേർത്തല ഗവൺമെന്റ് ആയുർ വേദ ആശുപത്രിക്കു സമീപവും ഏറ്റവും തിരക്കേറിയ സ്വകാര്യ ബസ് സ്റ്റാൻഡിനോടു ചേർന്നും രണ്ടു യൂണിറ്റ് എയ്റോബിക് ബിന്നുകളാണ് സ്ഥാപിച്ചത്.
രണ്ടിടത്തുമായി 26 ബിന്നുകളുണ്ട്. രണ്ടു വർഷം മുൻപ് 10 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയത്. നഗരത്തിലെ 35 വാർഡുകളിലെയും വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായാണ് ആലപ്പുഴ മാതൃകയിൽ ഇവിടെയും ബിന്നുകൾ സ്ഥാപിച്ചത്. ജൈവമാലിന്യം വളമാക്കാൻ പരി ശീലനവും ഇതിനു വേണ്ടി നടത്തിയിരുന്നു. കുടുംബശ്രീ യൂണിറ്റുകളെ മാലിന്യശേഖരണത്തിന് ഏർപ്പെടുത്താൻ നിശ്ചയിച്ചെങ്കിലും അതും നടന്നില്ല.
മാലിന്യസംസ്കരണ സംവിധാനത്തെക്കുറിച്ച് നഗരവാസികൾക്കും കാര്യമായ ബോധവൽക്കരണം നൽകിയില്ലെന്നും ആസൂത്രണത്തിൽ പാളിച്ചയുണ്ടെന്നും അന്ന് ആരോപണം ഉയർന്നതാണ്. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് എയ്റോബിക് ബിന്നുകൾ ആവശ്യമില്ലാതായി. അജൈവ മാലിന്യങ്ങൾ തരം തിരിക്കുന്നതിനുള്ള കേന്ദ്രങ്ങളാക്കി ഇതു മാറ്റുന്നത് നിലവിലെ നഗരസഭ ആലോചിക്കുന്നുണ്ട്.