ദില്ലി: പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ വിലക്കിയെന്ന പ്രചാരണം തെറ്റെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അത്തരമൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. മോദിയുടെ ഫെബ്രുവരിയില്‍ നടന്ന ഹൈദരാബാദ് സന്ദർശന പരിപാടിയില്‍ മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സുഖമില്ലാത്തതിനാല്‍ ചന്ദ്രശേഖര റാവു പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചതെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
ചന്ദ്രശേഖർ റാവുവിനെ മോദിയുടെ പരിപാടിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിലക്കിയെന്ന് മകനും തെലങ്കാന മന്ത്രിയുമായ കെ.ടി.രാമറാവുവാണ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ വലിയ ചർച്ചയായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുള്ള ജിതേന്ദ്രസിംഗ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
പ്രശസ്ത തത്ത്വചിന്തകനായ രാമാനുജാചാര്യയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ ഫെബ്രുവരിയിൽ മോദി ഹൈദരാബാദ് സന്ദർശിച്ചിരുന്നു. എന്നാൽ ഈ ചടങ്ങിൽ റാവു പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വർഷം നവംബറിൽ മോദി വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെകിൻ്റെ ഹൈദരാബാദിലെ ആസ്ഥാനത്ത് സന്ദർശനം നടത്തിയപ്പോഴും മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല.