ദില്ലി: രാജ്യത്ത് കുട്ടിക്കടത്ത് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് ഒന്നാമത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ (2016 നും 2022 നും ഇടയില്‍) ഏറ്റവും കൂടുതല്‍ കുട്ടികള്‍ കടത്തപ്പെട്ടത് യുപിയില്‍ നിന്നാണെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ബിഹാറും ആന്ധ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഡല്‍ഹിയില്‍ കൊവിഡിന് ശേഷം കുട്ടികളെ കടത്തുന്ന കേസുകളില്‍ 68 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഇന്ത്യയിലെ ചൈല്‍ഡ് ട്രാഫിക്കിംഗ്: സ്ഥിതിവിവരക്കണക്കുകള്‍, ടെക്നധിഷ്ഠിത ഇടപെടല്‍ തന്ത്രങ്ങളുടെ ആവശ്യകത’, എന്ന തലക്കെട്ടിലുള്ള ഒരു സമഗ്ര റിപ്പോര്‍ട്ടിലാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ത്ഥി സ്ഥാപിച്ച കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷനും (KSCF) ഗെയിംസ് 24×7 ഉം സംയുക്തമായി സമാഹരിച്ച ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2016 നും 2022 നും ഇടയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കടത്തപ്പെട്ട ആദ്യ മൂന്ന് സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നിവയാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.