മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ അതിർത്തികൾ സംരക്ഷിക്കാൻ ഇന്ത്യക്കറിയാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാകിസ്ഥാനിൽ ഇരുപതോളം തീവ്രവാദികളുടെ കൊലപകത്തിന് പിന്നിൽ ഇന്ത്യയാണെന്ന ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. മോദി ഇന്ത്യയെ ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
“നാല് ദിവസം മുൻപ് ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പാകിസ്ഥാനിൽ 20 തീവ്രവാദികൾ കൊല്ലപ്പെട്ടെന്നും കൊലപാതകത്തിന് പിന്നിൽ ഇന്ത്യയുടെ കരങ്ങളാണെന്നാണ് ജനങ്ങളുടെ സംശയമെന്നുമുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിന്റെ സ്രോതസ് എവിടെ നിന്നാണെന്നോ അതിന്റെ ഉദ്ദേശമെന്താണെന്നോ ഞങ്ങൾക്കറിയില്ല. ഇത് രാജ്യത്തെ ജനങ്ങൾക്ക് എങ്ങനെ സുരക്ഷയൊരുക്കണമെന്നും രാജ്യത്തിന്റെ അതിർത്തികളെ എങ്ങനെ സംരക്ഷിക്കണമെന്നും അറിയുന്ന പുതിയ ഇന്ത്യയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്തിന്റെ അതിർത്തികൾ ശക്തിപ്പെട്ടു. ഇപ്പോൾ പാകിസ്ഥാനിൽ തീവ്രവാദികൾ സുരക്ഷിതരല്ല എന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഇന്ത്യ തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തിലാണ്.
മോദിയുടെ നേതൃത്വവും ആവശ്യമെങ്കിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്താനുള്ള അദ്ദേഹത്തിൻ്റെ ദൃഢനിശ്ചയവുമുള്ളപ്പോൾ പാകിസ്ഥാന് ഒരിക്കലും ഇന്ത്യാ വിരുദ്ധ ഭീകരതയെ പിന്തുണക്കാനാകില്ല,” യോഗി പറഞ്ഞു.