ലഖ്നൗ: പോലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിയോട് വീഡിയോ കോളിൽ അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കണമെങ്കിൽ യുവതി വസ്ത്രം മാറ്റി മാറിടം കാണിയ്ക്കണമെന്നാണ് വീഡിയോ കോളിലൂടെ പൊലീസുകാരൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇയാൾക്കെതിരെ യുവതി പരാതിയുമായി രംഗത്തെത്തി. ബിൽഹോർ പൊലീസ് ഔട്ട്പോസ്റ്റിലെ മഹേന്ദർ സിങ് എന്ന പൊലീസുകാരനെതിരെയാണ് ആരോപണം ഉയർന്നത്.
ഇയാളെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതി സ്വീകരിച്ച ശേഷം പൊലീസ് യുവതിയെ തിരിച്ചയച്ചു. എന്നാൽ, അർധ രാത്രിയിൽ പരാതി അന്വേഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ യുവതിയെ വീഡിയോ കോൾ ചെയ്തു. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെങ്കിൽ വീഡിയോ കോളിനിടെ മാറിടം കാണിയ്ക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്ന് യുവതി പറഞ്ഞു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും ഇയാൾ അനുചിതമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചെന്നും ഇയാളെ സസ്പെൻഡ് ചെയ്തെന്നും ആരോപണം ശരിയെന്ന് തെളിഞ്ഞാൽ കൂടുതൽ നടപടിയുണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു പൊലീസുകാരൻ പൊലീസ് യൂണിഫോമിൽ നിൽക്കുന്ന യുവതിയോടൊപ്പമുള്ള ചിത്രം വൈറലായതിനെ തുടർന്ന് സസ്പെൻഷനിലായിരുന്നു.