ലഖ്നോ: യു.പിയിൽ കൊല്ലപ്പെട്ട സഹോദരങ്ങളുടെ ശരീരത്തിൽ ഇരുപത്തിമൂന്നോളം കുത്തേറ്റ മുറിവുകൾ ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട 11 കാരൻ ആയുഷിന്‍റെ ശരീരത്തിൽ 14 മുറിവുകളും ഇളയ സഹോദരൻ അഹാന്‍റെ (6) ശരീരത്തിൽ 9 മുറിവുകളുമാണ് കണ്ടെത്തിയത്.പ്രതി ഇവരുടെ കഴുത്തിൽ ആക്രമിച്ചതിന് പുറമെ മൂർഛയുള്ള ആയുധം കൊണ്ട് പുറകിലും നെഞ്ചിലും കാലിലും നിരവധി തവണ കുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കാലിലുള്ള മുറിവുകൾ ആക്രമണത്തിനിടെ കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചതിന് തെളിവായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുട്ടികളുടെ വീടിന് സമീപം ബാർബർ ഷോപ്പ് നടത്തുന്ന സാജിദാണ് ഇരട്ടക്കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സാജിദ് കുട്ടികളുടെ പിതാവിൽ നിന്ന് 5000 രൂപ കടം ചോദിക്കാനെന്ന വ്യാജേനെ വീട്ടിൽ കയറി പറ്റുകയായിരുന്നു. പണം കൈമാറി മാതാവ് ചായയുണ്ടാക്കാൻ നീങ്ങിയ സമയം കൊണ്ടാണ് പ്രതി കൃത്യം നടത്തിയത്. കുട്ടികളോട് വീടിനു മുകളിൽ മാതാവ് നടത്തുന്ന ബ്യൂട്ടി സലൂണിലേക്ക് കൊണ്ട് പോകാൻ ആവശ്യപ്പെടുകയും മുകളിലെത്തിയപ്പോൾ ലൈറ്റ് ഓഫ് ചെയ്ത് കത്തികൊണ്ട് കുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് മുകളിലേക്കെത്തിയ സഹോദരൻ അഹാനെയും നിരവധി തവണ കുത്തുകയായിരുന്നു. ഇവരുടെ സഹോദരൻ പിയുഷിന് നേരെയും കത്തി ഉയർത്തിയെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് പ്രതി വീടിന് പുറത്ത് കാത്തിരുന്ന സഹോദരൻ ജാവേദിനൊപ്പം ബൈക്കിൽ രക്ഷപ്പെട്ടു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ സാജിദ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എത്രയും പെട്ടെന്ന് ജാവേദിനെയും പിടികൂടണമെന്നും കൊലപാതക കാരണം പുറത്തുകൊണ്ടുവരണമെന്നും കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് വിനോദ് സിങ്ങ് ആവശ്യപ്പെട്ടു. ഒളിവിലായ ജാവേദിനെ കണ്ടെത്തുന്നവർക്ക് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.