ദില്ലി : ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കേ യു.പിയില്‍ 100 സീറ്റുകളില്‍ മുസ്ലിം മതവിഭാഗത്തിന്റെ വോട്ടുകള്‍ നിര്‍ണായകമായേക്കുമെന്ന് വിലയിരുത്തല്‍. 2011ലെ സെന്‍സസനുസരിച്ച് 38,483,967 മുസ്ലിങ്ങളാണ് യു.പിയിലുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 19.30 ശതമാനം വരും. കരുത്തുള്ള ന്യൂനപക്ഷമാണെങ്കിലും യു.പി രാഷ്ട്രീയത്തില്‍ ഇതുവരെ കാര്യമായ സ്ഥാനം നേടിയെടുക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബി.ജെ.പിക്കും തീവ്ര വലതുപക്ഷ കക്ഷികള്‍ക്കും ഏറെ വേരോട്ടമുള്ള മണ്ണാണ് യു.പി. 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ യു.പിയിലെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഹിന്ദുത്വ അജണ്ടയിലേക്കാണ് നീങ്ങിയത്. എന്നാല്‍ ഇത്തവണ യു.പിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്.
64 മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് 2002ല്‍ യു.പിയില്‍ വിജയിച്ചത്. അതൊഴിച്ചാല്‍ ബാക്കി എല്ലായിപ്പോഴും മുസ്ലിങ്ങള്‍ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യം വളരെ കുറവായിരുന്നു. 2017ല്‍ 23 മുസ്ലിം നിയമസഭാംഗങ്ങള്‍ മാത്രമാണ് യു.പിയിലുണ്ടായിരുന്നത്. അതിനിടെ സംസ്ഥാനത്ത് മുസ്ലിം വോട്ടര്‍മാരുടെ പ്രാഥമിക പാര്‍ട്ടിയായി സമാജ്‌വാദി പാര്‍ട്ടി (എസ്.പി) ഉയര്‍ന്നുവന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.