ഡൽഹി : വോട്ടെണ്ണലിൽ ക്രമക്കേട് നടക്കുന്നു എന്ന സമാജ്‌വാദി പാർട്ടിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശിലെ മൂന്ന് തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് സസ്പൻഷൻ. ഡൽഹി മുഖ്യ എലക്ടറൽ ഓഫീസർ മീററ്റിലെ സ്പെഷ്യൽ ഓഫീസറായും ബിഹാർ മുഖ്യ എലക്ടറൽ ഓഫീസർ വാരാണസിയിലെ സ്പെഷ്യൽ ഓഫീസറായും വോട്ടെണ്ണലിന് മേൽനോട്ടം വഹിക്കും. പാർട്ടികളെ അറിയിക്കാതെ വോട്ടിംഗ് മെഷീനുകൾ സ്ഥലം മാറ്റിയ വാരണാസി അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നളിനി കാന്ത് സിംഗ് ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെയാണ് സമാജ്‌വാദി പാർട്ടിയുടെ ആരോപണത്തെ തുടർന്ന് സ്ഥലം മാറ്റിയത്. ഇതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം സമാജ്‌വാദി പ്രവർത്തകർ ഇവരുടെ കാറ് കത്തിച്ചിരുന്നു. സംഭവത്തിൽ തിരിച്ചറിയാത്ത 300ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തി അത് തത്സമയം കാണാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരമൊരുക്കണമെന്നാണ് സമാജ്‌വാദി പാർട്ടിയുടെ ആവശ്യം.