ദില്ലി: ഉത്തർപ്രദേശ് ബിജെപിയിൽ രാജി തുടരുന്നു. മറ്റൊരു എംഎൽഎ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു. ബിദുനയിലെ എംഎൽഎ ആയ വിനയ് ഷാക്കിയ ആണ് രാജിവെച്ചത്. ഇതോടെ മന്ത്രി സ്വാമി പ്രസാദ് മൗര്യക്കൊപ്പം രാജിവെച്ച എംഎൽഎമാരുടെ എണ്ണം നാലായി.
ഉത്തർപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് എംൽഎമാരുടെ രാജി. പിന്നോക്ക വിഭാഗങ്ങളുോടുള്ള അവഗണനയെ തുടർന്നാണ് രാജിയെന്ന് പ്രഖ്യാപിച്ച നേതാക്കള്‍ സമാജ്‍വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. സ്വാമി പ്രസാദ് മൗര്യ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേയുള്ള സ്വാമി പ്രസാദ് മൗര്യയുടെയും എംഎല്‍എമാരുടേയും രാജി ബിജെപിക്ക് കനത്ത ആഘാതമാണ്. ദില്ലിയില്‍ നിര്‍ണായക ബിജെപി കോർ കമ്മിറ്റി യോഗം ചേരുമ്പോഴായിരുന്നു തൊഴില്‍ മന്ത്രിയുടെയും എംഎല്‍എമാരുടെയും രാജി പ്രഖ്യാപനം. രാജി കത്ത് പുറത്ത് വന്നതിന് തൊട്ടു പിന്നാലെ അഖിലേഷ് യാദവ് സ്വാമി പ്രസാദ് മൗര്യയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പുറത്ത് വിട്ടു. സ്വാമി പ്രസാദ് മൗര്യയെ സമാജ്‍വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റിനൊപ്പമായിരുന്നു ചിത്രം.
ബ്രിജേഷ് പ്രജാപതി, ഭഗവത് സാഗര്‍, റോഷന്‍ ലാല്‍ വെര്‍മ എന്നിവരാണ് സ്വാമി പ്രസാദിനൊപ്പം പാർട്ടി വിട്ട മറ്റ് മൂന്ന് എംഎല്‍എമാര്‍. എല്ലാവരും വൈകാതെ എസ്പിയില്‍ ചേരുമെന്നാണ് സൂചന. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പിന്നോക്ക വിഭാഗത്തിലുള്ള നേതാവായ സ്വാമി പ്രസാദ് മൗര്യ അഞ്ച് തവണ എംഎല്‍എ ആയിട്ടുണ്ട്. ബിഎസ്പിയിലായിരുന്ന അദ്ദഹം 2016 ലാണ് ബിജെപിയില്‍ ചേർന്നത്. പല തവണ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും തന്‍റെ ശബ്ദം ആരും കേട്ടില്ലെന്ന് സ്വാമി പ്രസാദ് മൗര്യ മാധ്യമങ്ങളോട് പറഞ്ഞു. സ്വാമി പ്രസാദ് മൗര്യയുടെ മകള്‍ സംഘമിത്ര യുപിയില്‍ നിന്നുള്ള ബിജെപി എംപിയാണ്. സ്വാമി പ്രസാദ് മൗര്യ തീരുമാനം പിന്‍വലിക്കണമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ്‍ പ്രസാദ് മൗര്യ അഭ്യര്‍ത്ഥിച്ചു. പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് തീർക്കാനാകും. പെട്ടന്നുള്ള തീരുമാനങ്ങള്‍ പലപ്പോഴും തെറ്റാറുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഭരണം പിടിക്കുന്നതില്‍ ദളിത്, പിന്നോക്ക വോട്ടുകള്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന സമാജ്‍വാദി പാര്‍ട്ടിക്ക് ഊർജ്ജം നല്‍കുന്നതാണ് സ്വാമി പ്രസാദ് മൗര്യയുടെ നീക്കം. സർവ്വേകൾ നൽകിയ ആത്മവിശ്വാസത്തിന് പിന്നാലെയാണ് ബിജെപിക്ക് നേതാക്കളുടെ കൂട്ട രാജി തിരിച്ചടിയായത്.