ഷംലി(ഉത്തർപ്രദേശ്): കൊലക്കേസ് പ്രതിയെ തേടി ഉത്തർപ്രദേശിലെത്തിയ ഹരിയാന പൊലീസിനെ ഗ്രാമവാസികൾ എറിഞ്ഞോടിച്ചു. ഹരിയാന പൊലീസിന്റെ ഏഴംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് സംഘത്തിന് നേരെയാണ് യുപിയിലെ ഷംലിയിൽ ആക്രമണമുണ്ടായത്. കല്ലും വടിയും ഉപയോഗിച്ചാണ് ഗ്രാമീണർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പൊലീസിന്റെ പക്കലുണ്ടായിരുന്ന ആയുധങ്ങളും ഗ്രാമീണരില്‍ ചിലര്‍ സ്വന്തമാക്കി. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊലപാതകക്കേസിൽ പ്രതിയായ മുഹമ്മദ് സബ്രുദ്ദീൻ എന്നയാളെ തേടിയാണ് പൊലീസ് എത്തിയത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20000 രൂപയും പൊലീസ് പ്രഖ്യാപിച്ചിരുന്നു. പ്രതിയെ പിടികൂടി കൊണ്ടുപോകുന്നതിനിടെയാണ് ഗ്രാമവാസികളുടെ ആക്രമണമുണ്ടായത്.
ഗ്രാമീണർ തന്നെ റെക്കോർഡ് ചെയ്ത വീഡിയോയിൽ, ഉദ്യോഗസ്ഥരിൽ നിന്ന് ലോഡ് ചെയ്ത തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നത് കാണാം. പൊലീസിന്റെ പക്കലുണ്ടായിരുന്ന എകെ 47 തോക്കും തട്ടിയെടുക്കാൻ ഗ്രാമീണർ ശ്രമിച്ചു. ഒടുവിൽ ഉത്തർപ്രദേശ് പൊലീസ് സ്ഥലത്തെത്തിയാണ് ഹരിയാന പൊലീസിനെ രക്ഷിച്ചത്. തുടർന്ന് എൻകൗണ്ടറിലൂടെ പ്രതിയെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ നാൽപതോളം പേർക്കെതിരെ കേസെടുത്തു. ഇതിൽ ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് ഷംലി പൊലീസ് എസ് പി അഭിഷേക് പറഞ്ഞു. ഇവരിൽ നിന്ന് തോക്കും കണ്ടെടുത്തു.
കൊലപാതകം, ആയുധം കടത്ത് കേസുകളിലാണ് സബ്രുദ്ദീനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്‍റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇയാളെ തേടി പൊലീസ് ഏറെക്കാലമായി തിരച്ചില്‍ തുടങ്ങിയിട്ട്. സബ്രുദ്ദീന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. എന്നാല്‍, തന്‍റെ അനുയായികളെയും സഹോദരന്മാരെയും ഉപയോഗിച്ച് പൊലീസിനെ തടയുകയായിരുന്നു. ഏറെ നേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ മുട്ടിന് താഴെ വെടിവെച്ചാണ് സബ്രുദ്ദീനെ പൊലീസ് പിടികൂടിയത്.